കൊവിഡ്-19: മദീനയിലെ മസ്‌ജിദുന്നബവിയിൽ തെർമൽ ക്യാമറ സ്ഥാപിച്ചു,റമദാനിൽ ഇഫ്ത്വാർ നിർത്തിവെച്ചതായും അറിയിപ്പ്
മദീന: കൊവിഡ്-19 വൈറസ് വ്യാപനം ശക്തമാകുന്നതിനിടെ മദീനയിലെ പ്രവാചക പള്ളിയിൽ തെർമൽ ക്യാമറ സ്ഥാപിച്ചു. ഇവിടെയെത്തുന്ന സന്ദർശകരെ പൂർണ്ണമായും നിരീക്ഷിക്കാനുതകുന്ന തരത്തിലുള്ള നൂതന തെർമൽ ക്യാമറയാണ് സ്ഥാപിച്ചത്. ഒരേ സമയം 25 ആളുകളുടെ വരെ ശരീരോഷ്‌മാവ് അളക്കാൻ സാധിക്കുന്ന തെർമൽ ക്യാമറ ഒമ്പത് മീറ്റർ അകലെ നിന്നും സന്ദർശകരെ പരിശോധിക്കുമെന്നും ഉടൻ തന്നെ പൂർണ റിപ്പോർട്ടും ഓരോരുത്തരുടെയും വീഡിയോ സന്ദേശവും കൈമാറുമെന്നും സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. റെക്കോർഡു ചെയ്‌ത ചിത്രങ്ങളും താപനിലയും റഫറൻസിനായി ഒരു മാസം വരെ സൂക്ഷിച്ചുവെക്കാനാകുമെന്നും ആവശ്യമെങ്കിൽ വിദൂര സ്‌പെഷ്യലൈസ്‌ഡ് കേന്ദ്രങ്ങളിലേക്ക് അയക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ് ഇവയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ പള്ളികളിലെ പുറത്തെ നിസ്‌കാരങ്ങൾ നിർത്തലായിട്ടുണ്ട്. മക്ക, മദീന ഹറം പള്ളികളിലൊഴികെ രാജ്യത്തെ മുഴുവൻ പള്ളികളിലെയും നിസ്‌കാരങ്ങളും നിർത്തി വെച്ചിരിക്കുകയാണ്. വീടിനുപുറത്ത് തുടരാൻ അനുമതിയുള്ള ഏക പ്രാർത്ഥന മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ പള്ളികൾ മാത്രമാണെന്ന് സഊദി വാർത്താ ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കി.
അതേസമയം, മദീനയിലെ പ്രവാചക പള്ളിയിൽ ഈ വർഷത്തെ ഇഫ്ത്വാർ സേവനങ്ങൾ നിർത്തി വെച്ചു. മസ്‌ജിദുന്നബവി കാര്യ വകുപ്പാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. മസ്‌ജിദുന്നബവിയിൽ ഇഫ്ത്വാർ വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് എസ്എംഎസ്സിലൂടെ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പള്ളികളിൽ ഈ വർഷം റമദാനിൽ തറാവീഹ് നിസ്‌കാരം ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. എങ്കിലും മക്കയിലും മദീനയിലും നിലവിലെ അവസ്ഥയിൽ വളരെ പരിമിതമായ ആളുകളെ ഉൾപ്പെടുത്തി ജുമുഅയും ജമാഅത്തും നടക്കുന്നത് പോലെ തന്നെ റമദാനിലും ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി മാത്രമായിരിക്കും തറാവീഹ് അടക്കമുള്ള കാര്യങ്ങൾ നടക്കുകയെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."