പൊന്നാനിയില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി
പൊന്നാനി: മഴ കനത്തതോടെ പൊന്നാനിയുടെ മുഖം മാറി. പൊന്നാനിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. പത്തോളം വീടുകളാണ് വെള്ളത്തിലായത്. കടല്‍ക്ഷോഭം ശക്തമായതും മഴ കനത്തതും എം.ഇ.എസ് കോളജിന്റെ പുറകുവശത്തുള്ള പത്തോളം വീടുകളില്‍ വെള്ളം കയറാന്‍ കാരണമായി.
കൊമ്പന് തറയില്‍ ആയിഷക്കുട്ടിയുടെ വീട് ഭാഗികമായും തൊട്ടത്തുള്ള പുത്തന്‍ പുരയില്‍ ഹസന്ക്കോയയുടെ വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്തുള്ള എട്ടോളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളം മൂടിയ മിക്ക റോഡുകളും ഗതാഗത യോഗ്യമല്ലാതായി. കൊട്ടിഘോഷിച്ചു മഴക്കാലപൂര്‍വ ശുചീകരണം നടത്തിയ ഭാഗങ്ങളിലൊക്കെ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ പല കുടുംബങ്ങളും വീട്ടില്‍നിന്നു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്.
സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു വെള്ളത്തോടു ചേര്‍ന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീതിയിലാണ് തീരപ്രദേശങ്ങള്‍. പലര്‍ക്കും പനി പടര്‍ന്നുപിടിച്ചിട്ടുണ്ട്.
കടല്‍ ക്ഷോഭിച്ചതിനാല്‍ ചെറുവള്ളങ്ങള്‍ക്കുപോലും കടലില്‍ പോകാനാകുന്നില്ല. ട്രോളിങ് നിരോധനമായതിനാല്‍ തീരത്തെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. അതിനിടയിലാണ് മേഖലയിലാകെ വെള്ളക്കെട്ട് ഭീഷണിയും ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."