ജില്ലാ ഭരണം ജനങ്ങളിലേക്ക്; ജനസമ്പര്‍ക്ക പരിപാടിക്ക് കോഴിക്കോട്ട് തുടക്കമായി
കോഴിക്കോട്: 'ജില്ലാ ഭരണം ജനങ്ങളിലേക്ക് 'എന്ന സന്ദേശവുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി-2017ന് ജില്ലയില്‍ തുടക്കമായി. കോഴിക്കോട് താലൂക്ക് തലത്തില്‍ വിപുലമായ സജ്ജീകരണങ്ങളോടെ നടത്തിയ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 92 പേര്‍ക്കായി 16,63,000 രൂപയും പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടില്‍നിന്നായി 12 പേര്‍ക്ക് 1,33,700 രൂപയും വിതരണം ചെയ്തു. ഒന്‍പതുപേര്‍ക്ക് പട്ടയം വിതരണം ചെയ്തു. ആകെ 17,96,700 രൂപ വിതരണം ചെയ്തു.
കോഴിക്കോട് ജൂബിലി ഹാളില്‍ രാവിലെ ഒന്‍പതിന് ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. രജിസ്റ്റര്‍ ചെയ്ത 723 അപേക്ഷകള്‍ക്ക് പുറമെ 491 പുതിയ അപേക്ഷകളും പരിഗണിച്ചു. ഇന്ന് വടകര താലൂക്കുതല ജനസമ്പര്‍ക്ക പരിപാടി വടകര മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
വിവിധ വകുപ്പുകള്‍ക്കും വില്ലേജുകള്‍ക്കും കോര്‍പറേഷനുമായി കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പേരെത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നുള്ള സഹായം നല്കുന്ന കൗണ്ടറിലായിരുന്നു. 132 അപേക്ഷകളാണ് ഇവിടെയെത്തിയത്. ദുരിതാശ്വാസം പാസായ അപേക്ഷകളില്‍ നേരിട്ട് ചെക്ക് നല്കി.
ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍ സുനിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബാങ്കുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിച്ചു. 10 പരാതികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഭവന വായ്പയും വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. പരാതികള്‍ ബാങ്കുകളുടെ ഹെഡ് ഓഫിസുകളിലേക്ക് അയക്കും.
വിദ്യാഭ്യാസ വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ സൗകര്യം ബാങ്കുകള്‍ ചെയ്തുകൊടുക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് പുറമെ ഡോ.എം.കെ. മുനീര്‍ എം.എല്‍.എയും പരാതിക്കാരനായെത്തി. സര്‍ക്കാര്‍ ഏറ്റെടുത്ത തിരുവണ്ണൂരിലെ പാലാട്ട് എ.യു.പി സ്കൂളിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ തിരുവണ്ണൂര്‍ യു.ആര്.സിയില്‍നിന്ന് സ്കൂളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് വാര്‍ഡ് കൗണ്‍സിലര്‍ നമ്പിടി നാരായണന്, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് പി.എം. ബഷീര്‍ എന്നിവരോടൊപ്പം എം.എല്‍.എ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. സ്കൂള്‍ ഏറ്റെടുക്കല്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ഡി.ഡി.ഇ ഡോ.ഗിരീഷ് ചോലയില്‍ അറിയിച്ചു.
ബീച്ചാശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. തലചുറ്റല്‍ അനുഭവപ്പെട്ട രണ്ടുപേര്‍ക്ക് ഇവിടെ വൈദ്യസഹായം നല്കി. ഒരാളെ ബീച്ചാശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലന്‍സ് സൗകര്യവും കുടിവെള്ളവും ഒരുക്കിയിരുന്നു. കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍ക്ക് പുറമെ എ.ഡി.എം ടി. ജനില്‍കുമാര്‍, ആര്.ഡി.ഒ ഷാമിന് സെബാസ്റ്റിയന്, കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. സുബ്രഹ്മണ്യന്, പുഷ്പരാജ്, തഹസില്‍ദാര്‍ ബാലന് നേതൃത്വം നല്കി. ഏപ്രില്‍ അഞ്ചിന് കൊയിലാണ്ടി താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളിലും ഏപ്രില്‍ ആറിന് താമരശ്ശേരി താലൂക്കുതല ജനസമ്പര്‍ക്ക പരിപാടി താമരശേരി ഗവ.യു.പി സ്കൂള്‍ കാരാടിയിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."