മാതൃകാ കര്‍ഷകന്റെ കൃഷിഫാം അടച്ചു പൂട്ടിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും രംഗത്ത്
പറവൂര്‍: കാലിവളര്‍ത്തലിനും പച്ചക്കറി കൃഷിക്കും നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിയ മാതൃകാ കര്‍ഷകന്റെ കൃഷിഫാം പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് അടച്ചു പൂട്ടിക്കാന്‍ ശ്രമം. പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മാനാഞ്ചേരിക്കുന്ന് കൈതച്ചിറയില്‍ നാല് ഏക്കര്‍ സ്ഥലത്ത് കഴിഞ്ഞ എട്ടു വര്‍ഷമായി പശുഫാമും, വാഴ ,പച്ചക്കറി തോട്ടവും കോഴിഫാമുമാണ് നടത്തിവരുന്നത്.ഫാം നിയമാനുസൃതമല്ലെന്ന് പറഞ്ഞാണ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് അടച്ചു പൂട്ടിക്കല്‍ ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ളത്. പുത്തന്‍വേലിക്കര തേലത്തുരുത്ത് കത്തനാപറമ്പില്‍ കുമാരന്റെതാണ് കൃഷിഫാം.
നാല് വര്‍ഷത്തോളം ഫാം നടത്തി കൊണ്ടിരുന്ന ആളില്‍ നിന്നാണ് എട്ട് വര്‍ഷം മുമ്പ് ഫാം വിലക്ക് വാങ്ങിയത്. ഫാമില്‍ പതിനഞ്ച് പശുക്കളും അത്രയും തന്നെ കിടാരികളുമുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷം തുടര്‍ച്ചയായി പുത്തന്‍വേലിക്കര പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകനാണ് കുമാരന്‍. പഞ്ചായത്ത് ബ്ലോക്ക് ലെവലില്‍ നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ടുണ്ട്. വാഴ, ഇഞ്ചി, കുരുമുളക്, പച്ചക്കറി, കോഴി എന്നിവയാണ് മറ്റ് കൃഷികള്‍.
ഫാമില്‍ നിന്നും ലഭിക്കുന്ന ചാണകം തന്നെയാണ് കൃഷിക്ക് വളമായി ഉപയോഗിച്ച് വരുന്നത്.നാട്ടുകാരനായ ഒരാളുടെ പരാതിയെ തുടര്‍ന്ന് ഫാമിന് ലൈസന്‍സ് എടുക്കാന്‍ പഞ്ചായത്തധികൃതര്‍ ആവശ്യപ്പെട്ടു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പഞ്ചായത്തിന് അപേക്ഷ നല്‍കിയപ്പോള്‍ ആരോഗ്യ വകുപ്പിന്റെ കാര്യങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പറഞ്ഞ് സെക്രട്ടറി അപേക്ഷ നിരസിക്കുകയും പ്രസിഡന്റ് പറഞ്ഞ രീതിയിലാണെങ്കില്‍ ലൈസന്‍സ് തരാമെന്ന് സമ്മതിക്കുകയും ചെയ്തിരിക്കുകയാണത്രെ. ഫാം നിലനിര്‍ത്താന്‍ പഞ്ചായത്ത് പ്രസിഡന്റ് വലിയതുക ആവശ്യപ്പെട്ടതായി ഫാം ഉടമപറയുന്നു.
പഞ്ചായത്തിരാജ് നിയമമനുസരിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ മുപ്പത് ദിവസത്തിനകം അപേക്ഷയില്‍ തീരുമാനമെടുക്കാത്ത പക്ഷം ഡി ആന്റ് ഒ ലൈസന്‍സായി കണക്കാക്കി ഫാംപ്രവര്‍ത്തിക്കാന്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ കഴിഞ്ഞ മെയ് 5 ന് ഫാം അടച്ചുപൂട്ടാന്‍ രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.ഫാം അടച്ച് പൂട്ടിക്കാനുള്ള പഞ്ചായത്തധികൃതരുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."