കൂടുതല്‍ പ്രവാസികള്‍ എത്തുക മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലേക്ക്, വിമാനത്താവളങ്ങളില്‍ വിപുലമായി സൗകര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവിന് കേരളം സജ്ജമായിട്ടുണ്ടെന്നും ഒരുക്കങ്ങള്‍ക്കായി സെക്രട്ടറി തല സമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി. എല്ലാ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് ജില്ലാ കലക്ടര്‍മാര്‍ അധ്യക്ഷന്‍മാരായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും പൊലിസിന്റെയും ആരോഗ്യവകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ ഉണ്ടാകും. വിമാനത്താവളങ്ങള്‍ക്ക് സമീപം താമസസൗകര്യം ഒരുക്കും. കപ്പല്‍ വഴി പ്രവാസികളെ കൊണ്ടുവരികയാണെങ്കില്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും സൗകര്യങ്ങള്‍ ഒരുക്കും. ഇത് കേന്ദ്രം തീരുമാനിക്കണം. മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകവിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണ്. പ്രവാസികള്‍ സെക്രട്ടറിതല സമിതി ഇന്ന് യോഗം ചേര്‍ന്ന് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടി ചര്‍ച്ച ചെയ്തിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പ്രവാസികള്‍ എത്തുക. ഓരോവിമാനത്തിലും എത്തുന്നവരുടെ വിവരം പുറപ്പെടും മുന്‍പ് തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യമന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളത്തില്‍ വിപുലമായി സൗകര്യമുണ്ടാകും. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ഇതിന് വേണ്ടി പ്രത്യേകം നിയോഗിക്കും. തിക്കും തിരക്കുമില്ലാതെ എല്ലാം സുഗമമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായി ക്രമീകരണം ഏര്‍പ്പെടുത്താന്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അറിയിച്ചു.
രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും. വിമാനത്താവളങ്ങളില്‍ നിന്ന് വീടുകളിലെത്തിക്കുക പൊലിസ് നിരീക്ഷണത്തിലായിരിക്കും. നേരെ വീട്ടിലെത്തി എന്നുറപ്പാക്കാനാണിത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇക്കാര്യത്തില്‍ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ഓരോ പഞ്ചായത്തിലും ഇതിനാവശ്യമായ ക്രമീകരണം ഉണ്ടാകുമെന്ന് പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."