വാക്‌സിന്‍വിരുദ്ധ പ്രചാരണം; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരേ തെറ്റിദ്ധാരണാജനകമായ കാംപയിനുകള്‍ക്ക് തടയിടുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തരം നുണപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ അവബോധം വളര്‍ത്തുന്നതിനും എല്ലാവരും രംഗത്തിറങ്ങണം. സംസ്ഥാനത്തൊട്ടാകെ രോഗപ്രതിരോധ സംവിധാനത്തിന്റെ വ്യാപനം വര്‍ധിപ്പിക്കുക എന്നതു സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സ്‌കൂള്‍ പ്രവേശനത്തിനു വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ പി.ടി.എ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കലണ്ടര്‍ അടിസ്ഥാനത്തില്‍ നടത്തുക എന്നിവ സര്‍ക്കാറിന്റെ ഇടപെടലുകളുടെ ഭാഗമാണ്.
ജില്ലാതല ആരോഗ്യസര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ 12-23 മാസം പ്രായമുള്ള കുട്ടികളില്‍ 17.5 ശതമാനം വിഭാഗത്തിനു നിര്‍ദേശിക്കപ്പെട്ട കുത്തിവയ്പ്പുകള്‍ മുഴുവനും കിട്ടുന്നില്ല. 2011ലെ പ്ലാനിങ്‌ബോര്‍ഡിന്റെ അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിരോധ കുത്തിവയ്പ്പുകളുടെ വ്യാപനത്തില്‍ ഇന്ത്യയില്‍ നാലാംസ്ഥാനത്ത് മാത്രമാണു കേരളം. സാര്‍വത്രിക രോഗപ്രതിരോധ പദ്ധതികളില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 48 ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ള മലപ്പുറവും കാസര്‍കോടും പെടുന്നു. ഈ ജില്ലകളിലും അതോടൊപ്പംതന്നെ വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലും സാര്‍വത്രിക രോഗപ്രതിരോധ പദ്ധതികള്‍ക്കെതിരേ നടക്കുന്ന കുപ്രചാരണം പൊതുജനാരോഗ്യ സംവിധാനത്തെ തകിടംമറിക്കുന്ന ഒന്നാണ്.
വാക്‌സിനേഷന്‍ കൊണ്ടു പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരം അശാസ്ത്രീയമായ നിലപാടുകള്‍ ഏറെ ആശങ്ക ഉളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പറയുന്നു. പ്രതിരോധ കുത്തിവയ്പ്പിലൂടെ നിയന്ത്രണവിധേയമാക്കിയ ഡിഫ്തീരിയ പോലെയുള്ള രോഗങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്നു.
വാക്‌സിന്‍ ലഭിക്കാത്തവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതു രോഗവ്യാപനം വേഗത്തിലാക്കും. 83 ശതമാനം മുതല്‍ 86 ശതമാനം വരെ ആള്‍ക്കാരും വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് ഒരു സാമൂഹിക രോഗപ്രതിരോധമായി പ്രവര്‍ത്തിച്ച് പ്രതിരോധശേഷി ഇല്ലാത്തവരെക്കൂടി രോഗബാധയില്‍ നിന്നു സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."