അതിഥി തൊഴിലാളികളുടെ മടക്കം: നിര്‍ബന്ധം പിടിക്കുന്നവരെ മാത്രം അയച്ചാല്‍ മതിയെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചാല്‍ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ദ്ദേശിച്ചു. കേരളത്തില്‍ തുടരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിര്‍ബന്ധിച്ച് മടക്കി അയയ്ക്കേണ്ടതില്ല. ഇക്കാര്യം പൊലിസും ജില്ലാ അധികൃതരും ശ്രദ്ധിക്കണം. കേരളത്തില്‍ തുടരുന്ന അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
തിരിച്ചു പോകാന്‍ താത്പര്യമില്ലാത്തവരേയും മടങ്ങാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. മെയ് ഒന്നു മുതലാണ് അതിഥി തൊഴിലാളികള്‍ക്ക് മടങ്ങുന്നതിന് കേരളത്തില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ആദ്യ ട്രെയിനില്‍ ഒഡീഷയിലേക്ക് 1200 പേരാണ് മടങ്ങിയത്.
ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ നിര്‍മാണ മേഖല അടക്കം തൊഴിലിടങ്ങള്‍ സജീവമാവുന്ന സാഹചര്യവുമുണ്ടാവും. രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്ന ശേഷം കേരളത്തിലെ അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കരുതല്‍ സ്വീകരിച്ചിരുന്നു. ഭക്ഷണവും താമസവും ആവശ്യമുള്ള അതിഥി തൊഴിലാളികള്‍ക്ക് ഇവ നല്‍കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."