യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം റദ്ദാക്കി
വാഷിങ്ടണ്‍: സംയുക്ത സൈനികാഭ്യാസം റദ്ദാക്കാന്‍ യു.എസ്-ദക്ഷിണ കൊറിയ അധികൃതര്‍ തീരുമാനിച്ചു. ഓഗസ്റ്റില്‍ നടത്താനിരുന്ന സൈനിക അഭ്യാസമാണ് റദ്ദാക്കിയത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയിലെ തീരുമാനപ്രകാരമാണ് സൈനിക അഭ്യാസം റദ്ദാക്കിയതെന്നാണ് വിശദീകരണം. ദക്ഷിണകൊറിയയുമായി ചേര്‍ന്ന് വര്‍ഷങ്ങളായി യു.എസ് നടത്തുന്ന സൈനിക അഭ്യാസമാണ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
സൈനികാഭ്യാസം റദ്ദാക്കിയതിനെ തുടര്‍ന്നുള്ള നടപടികളിലേക്ക് യു.എസ് കടന്നിരിക്കുകയാണെന്നും സംയുക്ത സൈനികാഭ്യാസത്തിലൂടെയുള്ള 'വാര്‍ ഗെയിമിന്'യു.എസ് ഇല്ലെന്നും പെന്റഗണ്‍ വക്താവ് ഡന വൈറ്റ് പറഞ്ഞു. സംയുക്ത സൈനികാഭ്യാസത്തെ വാര്‍ ഗെയിം എന്ന് അപൂര്‍വമായാണ് യു.എസ് പ്രയോഗിക്കാറുള്ളത്.
സാധാരണയായി ഉത്തരകൊറിയന്‍ മാധ്യമങ്ങളാണ് വാര്‍ഗെയിം എന്ന പദം ഉപയോഗിക്കാറ്. കഴിഞ്ഞ വര്‍ഷം നടന്ന സംയുക്ത സൈനികാഭ്യാസത്തില്‍ 17,500 യു.എസ് സൈനികരും 50,000 ദക്ഷിണകൊറിയന്‍ സൈനികരും പങ്കെടുത്തിരുന്നു.
അതിനിടെ, യു.എസുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസം തുടരുമെന്ന് ജപ്പാന്‍ കാബിനറ്റ് ചീഫ് സെക്രട്ടറി യീഷിഹിദ സുഗ പറഞ്ഞു. ഉത്തരകൊറിയന്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള പതിവ് പരിശീലനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധവുമായി ബന്ധപ്പെട്ട് യു.എസ് തങ്ങളുടെ പ്രധാന സഖ്യകക്ഷിയാണ്. സഖ്യത്തില്‍ യാതൊരുവിധ മാറ്റങ്ങളുമില്ല. യു.എസ് സൈന്യം ജപ്പാനില്‍ തുടരുന്നത് അവസാനിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."