30,000 ടി.ഡി വാക്സിനുകള്‍ ഉടനെത്തും
മലപ്പുറം: പ്രതിരോധ കുത്തിവെപ്പുകളെ അവതാളത്തിലാക്കിയ ടി.ഡി വാക്സിന് ക്ഷാമത്തിനു പരിഹാരമാകുന്നു. ജില്ലയുടെ അടിയന്തിര ആവശ്യം പരിഗണിച്ച് 30,000 ഡോസ് ടി.ഡി വാക്സിനുകള്‍ ഉടന്‍ ജില്ലയിലെത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഡിഫ്തീരിയ പടരുന്ന സാഹചര്യത്തിലാണ് ഊര്‍ജിത കുത്തിവെപ്പ് സംഘടിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പു തന്നെ ഇതിന് പദ്ധതികള്‍ തയാറാക്കിയെങ്കിലും ആവശ്യമായ ടി.ഡി വാക്സിനുകള്‍ ജില്ലയിലെത്തിക്കാന്‍ ഇതുവരെ ആരോഗ്യ വകുപ്പിനായിരുന്നില്ല. 16 വയസുവരെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നതാണ് ജില്ലയില്‍ ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഇത്തരത്തില്‍ രണ്ടു ലക്ഷത്തിലധികം കുട്ടികളെ മുന്നില്‍ കണ്ടു രണ്ടര ലക്ഷം ഡോസ് വാക്സിനുകളാണ് ജില്ല ആവശ്യപ്പെട്ടത്. ഇക്കാര്യം സംസ്ഥാന ആരോഗ്യ വകുപ്പ് തത്വത്തില്‍ അംഗീകരിച്ചെങ്കിലും പുതുതായി ഇതുവരെ 2000 ഡോസ് മാത്രമാണ് ലഭിച്ചത്. 30,000 ടി.ഡി വാക്സിന് നാളെ ജില്ലയിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.
ഇതിനിടെ ജില്ലയില്‍ ഇന്നലെ രണ്ട് ഡിഫ്തീരിയ കേസുകള്‍കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മൂന്നയൂര്, മേലങ്ങാടി സ്വദേശികളായ 10,8 വയസുള്ള കുട്ടികളെയാണ് ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ കേസുകളുടെ എണ്ണം 27 ആയി. ജില്ലയ്ക്കു പുറമേ കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലും ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കണ്ണൂരിലെ ഏഴുവയസുകാരന് ഡിഫ്തീര സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."