കാറ്റ് കലി തുള്ളി; ഫോര്‍ട്ട്‌കൊച്ചിയില്‍ ലക്ഷങ്ങളുടെ നഷ്ടം
മട്ടാഞ്ചേരി: ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വന്‍ നാശനഷ്ടം. ഫോര്‍ട്ടുകൊച്ചി താമര പറമ്പിലാണ് വന്‍ നഷ്ടമുണ്ടായത്. അമരാവതി, റോയല്‍ റോഡ് എന്നിവിടങ്ങളിലും മരം വീണു.
മുന്ന് വീടുകള്‍, ഒരു ക്ഷേത്രം, വീടിന്റെ ചുറ്റുമതില്‍ എന്നിവ തകര്‍ന്നു. വൈദ്യുതി വകുപ്പിനും വന്‍ നഷ്ടമുണ്ടായി. പത്ത് ലക്ഷം രുപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വീട്ടില്‍ ഉറങ്ങിക്കിടന്നവര്‍ ശബ്ദം കേട്ട് ഓടിയതിനാല്‍ ആളപായമുണ്ടായില്ല.
പുലര്‍ച്ചെ രണ്ടര മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് പത്തിലേറെ മരങ്ങള്‍ കടപുഴകിയത്. സൗത്ത് താമരപറമ്പില്‍ പടിക്കല്‍ വീട്ടില്‍ ദേവകിയുടെ വീടാണ് പുര്‍ണമായും തകര്‍ന്നത്. ഏഴംഗങ്ങളുള്ള വീട്ടില്‍ ഒരാള്‍ ബുദ്ധി മാന്ദ്യമുള്ളയാളാണ്. കനത്ത കാറ്റിനൊപ്പം മരം മറിയുന്ന ശബ്ദം കേട്ട വീട്ടുകാര്‍ വീട്ടില്‍ നിന്നിറങ്ങി ഓടിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി. രണ്ടു ലക്ഷത്തിലെറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സമീപം താമസിക്കുന്ന കെ.ജി ജോസഫ് ഡെന്നി സഹോദരന്മാരുടെ വീട് ഭാഗികമായും തകര്‍ന്നു. ഇവരുടെ പറമ്പിലെ മരവും കടപുഴകി മറിഞ്ഞു. അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സൗത്ത് താമര പറമ്പില്‍ കെ.ജെ മെല്‍വിന്റെ വീട്ടുമുറ്റത്തെ മരംമറിഞ്ഞ് മതില്‍ തകര്‍ന്നു. തെക്കെ താമരപറമ്പില്‍ കോക്കേഴ്‌സിന് പുറകുവശം പരേതനായ തോംസന്റെ വീട് മരം വീണ് തകര്‍ന്നു. കോക്കേഴ്‌സ് തിയേറ്ററിന് സമീപം റോഡരികിലെ തണല്‍മരം മറിഞ്ഞ് വീണു. മരംമുറിച്ച് മാറ്റി ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പാലസ് റോഡില്‍ പഴയ റോയല്‍ തിയേറ്ററിന് സമീപം ദേവ് ജിഭീംജി വക ശ്രീനട്‌വര്‍ കൃഷ്ണസ്വാമി ക്ഷേത്രത്തിന് മേല്‍ മരം വീണ് നാശനഷ്ടമുണ്ടായി. ക്ഷേത്ര പൂജാരി ഹരി രാം ശര്‍മ്മയും കുടുംബവും താമസിക്കുന്ന ക്ഷേത്ര കെട്ടിടത്തിലും ക്ഷേത്ര ശ്രീകോവിലിലുമായി മരം വീണു. പൂജാരിയുടെ ടി.വി അലമാര അടക്കമുള്ള വീട്ടുപകരണങ്ങളും ക്ഷേത്ര മേല്‍ക്കൂരയും തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ശനിയാഴ്ച കാറ്റത്ത് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി വൈദ്യുതി സെക്ഷന് വന്‍ നഷ്ടമുണ്ടായി. ഓട്ടേറെ മേഖലയില്‍ ലൈനുകള്‍ പൊട്ടിവീഴുകയും പോസ്റ്റുകള്‍ തകരുകയും ചെയ്തു. അതിരാവിലെ രണ്ടരയ്ക്ക് നിലച്ച വൈദ്യുതി ഇന്നലെ വൈകിയിട്ടും ഭാഗികമായാണ് പുനഃസ്ഥാപിക്കാനായത്. മരം വീണ് തകര്‍ന്ന സ്ഥലങ്ങള്‍ നഗരസഭാംഗം ഷൈനി മാത്യു, തഹസില്‍ദാര്‍ ബീഗം താഹിറ, വില്ലേജ് ഓഫിസ് അധികൃതര്‍ എന്നിവരെത്തി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."