സമാനതകളില്ലാതെ വളര്‍ച്ചയും വിശ്വാസവും നേടിയ പ്രസ്ഥാനമാണ് സഹകരണ മേഖലയെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍
പാലക്കാട്: സമാനതകളില്ലാതെ വളര്‍ച്ചയും വിശ്വാസവും നേടിയ സര്‍വതല സ്പര്‍ശിയായ പ്രസ്ഥാനമായി സഹകരണ മേഖല വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് സഹകരണ- ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തെങ്കര പഴേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ 'മുറ്റത്തെ മുല്ല ' ലഘു ഗ്രാമീണ വായ്പ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു , മന്ത്രി.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി.നിലവില്‍ ഒന്നേ മുക്കാല്‍ കോടിയാണ് സഹകരണ മേഖലയുടെ നിക്ഷേപം.
രാജ്യത്തിന്റെ മൊത്തം നിക്ഷേപത്തിന്റെ അമ്പത് ശതമാനത്തിലേറെ വരുമത്.നോട്ട് നിരോധനത്തിന്റെ സമയത്ത് ഒന്നര കോടിയായിരുന്നു നിക്ഷേപം .ആ സമയത്ത് സഹകരണ മേഖലയക്ക് നേര്‍ക്കുണ്ടായ കടന്നാക്രമണവും വെല്ലുവിളികളും അതിജീവനത്തിന്റെ ഭാഗമായി നേരിടാന്‍ കര്‍മ്മനിരതമായതിന്റെ ഫലമായാണ് നിക്ഷേപം ഉയര്‍ത്താന്‍ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.ലഘു വായ്പ പദ്ധതി രംഗത്തേക്ക് കുറച്ച് നേരത്തെ കടന്നു വരേണ്ടതായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുടുംബശ്രീ യൂനിറ്റുകളിലൂടെ കടക്കെണിയിലുള്‍പ്പെട്ടവര്‍ക്കുള്‍പ്പെടെയാണ് വായ്പ നല്‍കുക. തിരിച്ചടവ് ശേഷി പരിശോധിച്ച് അതിനുസരിച്ചാവും വായ്പാ വിതരണം. ഇത്തരത്തില്‍ സര്‍ക്കാര്‍ സാധാരണ മനുഷ്യന്റെ ജീവിതാവസ്ഥയിലൂടെ കണ്ണോടിച്ചു കൊണ്ട് ,സാധാരണക്കാരന്റെ ദുരിതാവസ്ഥകള്‍ തിരിച്ചറിഞ്ഞു കൊണ്ട് പരിഹരിക്കുന്ന തികഞ്ഞ ലക്ഷ്യബോധത്തിലൂടെയുള്ള പ്രവര്‍ത്തനത്തിലൂടെ നവകേരളം സൃഷ്ടിടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആദ്യ കുടുംബശ്രീ കാഷ് ക്രെഡിറ്റ് വിതരണവും ആദ്യ വ്യക്തിഗത വായ്പാ വിതരണവും എം.ബി.രാജേഷ് എം.പി പ്രതീക്ഷ, കാര്‍ത്തിക കുടുംബശ്രീ യൂനിറ്റുകള്‍ക്ക് നല്‍കി നിര്‍വഹിച്ചു. പി.കെ ശശി എം.എല്‍.എ, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.ഡി.സജിത്ത് ബാബു പദ്ധതി വിശദീകരണം നല്‍കി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.കെ ബാബു, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡ് കെ. സാവിത്രി, മെമ്പര്‍ സി.സലീന, സഹകരണസംഘം അസി. രജിസ്ട്രാര്‍ ജനറല്‍ പി.ഉദയന്‍, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ സംഘം സെക്രട്ടറി എം. പുരുഷോത്തമന്‍ പങ്കെടുത്തു.
പദ്ധതിപ്രകാരം 1000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി ലഭിക്കുക. നിലവില്‍ കൊള്ളപ്പലിശക്കാരില്‍ നിന്നെടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നതിനും വായ്പ നല്‍കും. 12 ശതമാനം പലിശയാണ് ഈടാക്കുക (100 രൂപയ്ക്ക് പ്രതിമാസം ഒരു രൂപ). പരമാവധി 52 ആഴ്ച്ചകളായാണ് (ഒരു വര്‍ഷം) വായ്പ തിരിച്ചടയ്‌ക്കേണ്ടത്. 10 ആഴ്ച്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പകളും ലഭ്യമാണ്. ഓരോ വാര്‍ഡിലേയും ഒന്ന് മുതല്‍ മൂന്ന് വരെ കുടുംബശ്രീ യൂനിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവര്‍ത്തനമികവും വിശ്വാസവും ഉളള കുടുംബശ്രീ യൂനിറ്റുകള്‍ക്കാണ് വായ്പാ ചുമതല നല്‍കുക. കുടുംബശ്രീ അംഗങ്ങള്‍ അവരുടെ പ്രദേശത്തെ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നല്‍കും. ആഴ്ച്ചതോറും വീട്ടിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും.ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ പ്രദേശത്തേയും പ്രാഥമിക സഹകരണ സംഘങ്ങള്‍ വായ്പാ തുക ഒരു കുടുംബശ്രീ യൂനിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ഒന്‍പത് ശതമാനം പലിശ നിരക്കില്‍ കാഷ് ക്രഡിറ്റ് വായ്പയായി അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."