സെല്‍ഫിയെടുക്കുന്നതിനിടെ യുവാക്കള്‍ മുങ്ങിമരിച്ചു
ഈരാറ്റുപേട്ട: അരുവിയുടെ കരയില്‍നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളത്തില്‍ വീണ മൊബൈല്‍ഫോണ്‍ എടുക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. വിനോദസഞ്ചാരകേന്ദ്രമായ പറത്തോട് പഞ്ചായത്തിലെ ചേന്നാട് മാളിക വേങ്ങത്താനം അരുവി കാണാനെത്തിയ ഈരാറ്റുപേട്ട മറ്റയ്ക്കാട് തലപ്പള്ളി പി.എസ്.അലിയാറിന്റെ മകന് അജ്മല്‍ ഷാ(19), പൂഞ്ഞാര്‍ മറ്റയ്ക്കാട് നരിപ്പാറ ഷരീഫിന്റെ മകന് സാജിദ്(18) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. ഉച്ചയ്ക്ക് 12ഓടെ ആറംഗസംഘം ബൈക്കുകളില്‍ മറ്റയ്ക്കാട്ട് നിന്നു വിനോദസഞ്ചാരകേന്ദ്രമായ വേങ്ങത്താനം അരുവിയില്‍ എത്തുകയായിരുന്നു. 200അടി താഴ്ചയുള്ള അരുവിയുടെ മുകള്‍ഭാഗത്തുനിന്നു സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്ന കൂട്ടുകാര്‍ ബഹളം വച്ചെങ്കിലും വിജനമായ സ്ഥലമായതിനാല്‍ രണ്ടുകിലോമീറ്റര്‍ ദൂരെ വന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ഇരുവരുടേയും മൃതദേഹം കരയ്ക്കെടുത്തു. ഷക്കീലയാണ് അജ്മലിന്റെ മാതാവ്. അനീസ്, അല്‍ഫിയ സഹോദരങ്ങള്‍. ഐഷയാണ് സാജിദിന്റെ മാതാവ്. നൈഫുദ്ദീന്, സാദിഖ് സഹോദരങ്ങളാണ്.
ഇരുവരുടേയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഈരാറ്റുപേട്ട പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."