കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവച്ച സര്‍വിസുകള്‍ പുനരാരംഭിക്കും: മന്ത്രി
കൊച്ചി: കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവച്ച ദീര്‍ഘദൂര സര്‍വിസുകള്‍ ഉള്‍പ്പടെയുള്ളവ പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കെ.എസ്.ആര്‍.ടി.സിയുടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ദീര്‍ഘദൂര ബസ് സര്‍വിസുള്‍ നിര്‍ത്തിവച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ബസുകളുടെ സര്‍വിസ് ക്രമീകരിക്കും. കട്ടപ്പുറത്തിരിക്കുന്ന ബസുകള്‍ നിരത്തിലിറക്കണം.
കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളി അനുപാതം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. 5:2 എന്നതാണ് ദേശീയ ശരാശരിയെങ്കില്‍ ഒരു ബസിന് 9:4 പേരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇവരെ പിരിച്ചുവിടാതെ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി പുനഃക്രമീകരിച്ചാല്‍ കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താനാകും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഉന്നതതലയോഗം വിളിച്ചു ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തും.
ബംഗളൂരു, കോയമ്പത്തൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വിസ് നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് അന്വേഷിക്കും. കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസുകള്‍ തരാന്‍ വാഹനക്കമ്പനികളും വായ്പ തരാന്‍ ഫൈനാന്‍സ് സ്ഥാപനങ്ങളും തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."