രണ്ടിലയ്ക്കായി കൈക്കൂലി വാഗ്ദാനം; ടിടിവി ദിനകരനെതിരെ കേസ്
ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെയുടെ ചിഹ്നമായ രണ്ടിലയ്ക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വി.കെ ശശികലയുടെ അനന്തരവനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി ദിനകരന് എതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തു. ഒ.പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് രണ്ടില ചിഹ്നം കമ്മിഷന്‍ മരവിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപയും ബി.എം.ഡബ്യു കാറും മെഴ്‌സിഡസ് കാറും സഹിതം സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്ന് ടി.ടി.വി ദിനകരെന്റ അടുത്ത അനുയായി എസ്. ചന്ദ്രശേഖരന്‍ എന്നയാളെ ഡല്‍ഹി പൊലിസ് ഇന്നലെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ദിനകരനെതിരായ പൊലിസ് നടപടി.
രണ്ടില ചിഹ്നം ശശികല പക്ഷത്തിന് നല്‍കുമെന്ന് ഉറപ്പാക്കിയാല്‍ 50 കോടി രൂപ നല്‍കാമെന്ന് ദിനകരന്‍ വാഗ്ദാനം ചെയ്തതായി ചന്ദ്രശേഖന്‍ പൊലിസിന് മൊഴി നല്‍കി.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ദിനകരന്റെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം മന്ത്രിമാര്‍ തന്നെ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് ദിനകരന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."