അധ്യയന വര്‍ഷാവസാന ആഘോഷം: അതിരുവിടാതിരിക്കാന്‍ പൊലിസ് ജാഗ്രതയില്‍
കുന്ദമംഗലം: അധ്യയന വര്‍ഷാവസാന ആഘോഷം അതിരുവിടാതിരിക്കാന്‍ പൊലിസും സ്‌കൂള്‍ അധികൃതരും ജാഗ്രതയില്‍.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അതിരുകടന്ന ആഘോഷങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ പൊലിസും അധ്യാപകരും ജാഗ്രതയിലാണ്. അതിരുകടക്കുന്ന വിധമുള്ള ആഘോഷം, ചായംപൂശല്‍, വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗാനമേള, പൊതുസ്ഥലത്ത് കൂടിയുള്ള പ്രകടനം എന്നിവ ചെറുക്കും. കാരന്തൂരിലെ ഒരു ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുന്‍വര്‍ഷങ്ങളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരത്ത് യൂനിഫോം കത്തിച്ചതും ദേശീയപാതയിലൂടെ ആഭാസകരമായ വേഷം ധരിച്ച് പ്രകടനം നടത്തിയതും വിവാദമായിരുന്നു.
ഇത്തരം പ്രവണതകളില്‍നിന്ന് മാറി നില്‍ക്കുന്ന വിദ്യാര്‍ഥികളെ പോലും ബലമായി ചായംപൂശുകയും മര്‍ദിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഇത്തവണ പ്ലസ് ടു പരീക്ഷ അവസാനിക്കുന്ന 27നും എസ്.എസ്.എല്‍.സി പരീക്ഷ അവസാനിക്കുന്ന 28നും കനത്ത പൊലിസ് നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടും മൂന്നും പേര്‍ കയറി ഇരുചക്രവാഹനങ്ങള്‍ നിരത്തിലൂടെ ചീറിപ്പായുന്നത് നിയന്ത്രിക്കണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അതിരു വിട്ട ആഘോഷം നടത്താനുള്ള വിദ്യാര്‍ഥികളുടെ ഒരുക്കങ്ങള്‍ ചിലയിടങ്ങളില്‍ നടന്നുവരുന്നതായി അധികൃതര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."