വള്ളിക്കുന്നില്‍ സര്‍വകലാശാലയുണ്ട്; ബിരുദം പഠിക്കാന്‍ കോളജില്ല..!
തേഞ്ഞിപ്പലം: ജില്ലയിലെ തീരദേശ മണ്ഡലമായ വള്ളിക്കുന്നില്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ഥികള്‍ക്ക് മണ്ഡലത്തില്‍ പഠിക്കാന്‍ ഒരു സര്‍ക്കാര്‍ കോളജോ ബദല്‍ സംവിധാനമോ ഇല്ലാത്ത അവസ്ഥയാണുളളത്.
ജില്ലയിലെ ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ കാലിക്കറ്റ് സര്‍വകലാശാലയുള്‍പ്പെടുന്ന വള്ളിക്കുന്ന് മണ്ഡലത്തില്‍ ഉപരിപഠനത്തിന് സാധ്യത തേടുന്നവര്‍ക്ക് പഠനം നടത്താന്‍ പരിഹാരമില്ലാത്തത് വിദ്യാര്‍ഥി സംഘടനകള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും പ്രതിഷേധമുയരുകയാണ്. നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ഏകജാലക സംവിധാനം വഴി ഒന്നര ലക്ഷത്തോളം കുട്ടികള്‍ അപേക്ഷിക്കുമ്പോള്‍ ആകെ സീറ്റ് ലഭിക്കുന്നത് അരലക്ഷം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ്.
പ്ലസ്ടുവിന് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ പോലും പല കോളജുകളുടെയും പടിക്ക് പുറത്താണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓരോ മണ്ഡലത്തിലും ഒരു കോളജെന്ന പ്രഖ്യാപനം വള്ളിക്കുന്നില്‍ മാത്രം കടലാസിലൊതുങ്ങുകയായിരുന്നു.
വള്ളിക്കുന്നിലെ മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദറും നിലവിലെ എം.എല്‍.എ പി.അബ്ദുല്‍ ഹമീദും അതിനായുളള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും സ്ഥല ലഭ്യതയാണ് പ്രധാന പ്രശ്‌നമായി പറഞ്ഞിരുന്നത്. അഞ്ഞൂറോളം ഏക്കര്‍ ഭൂമിയുള്ള കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് കോളജിനാവശ്യമായ ഭൂമി ലഭിക്കുന്നതിനാവശ്യമായ പ്രാഥമിക ചര്‍ച്ചകള്‍ അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാമുമായി നടത്തുകയും ചെയ്തിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചതോടെ വളളിക്കുന്നുകാരുടെ സ്വപ്നവും മങ്ങുകയായിരുന്നു. ജില്ലയില്‍ നിലവില്‍ മറ്റ് മണ്ഡലങ്ങളിലായി നാല്‍പത്തിയഞ്ചോളം കോളജുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വള്ളിക്കുന്നില്‍ ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത്.
അതുകൊണ്ട് കൂടിയാണ് സര്‍വകലാശാലയുടെ മണ്ണില്‍ ഒരു സര്‍ക്കാര്‍ അല്ലെങ്കില്‍ ബദല്‍ കോളജുകള്‍ വേണമെന്ന ആവശ്യമേറുന്നതും.
ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സര്‍വകലാശാലയുടെയും അടിയന്തിര ശ്രദ്ധയാണ് ഇതില്‍ ഇനി വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."