നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഉക്കാദ് മേളയിലേക്ക് സന്ദര്‍ശക പ്രവാഹം
ജിദ്ദ: തായിഫില്‍ നടക്കുന്ന പന്ത്രണ്ടാമത് സൂഖ് ഉക്കാദ് മേളയിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുന്നു. സഊദി ടൂറിസം പുരാവസ്തു വകുപ്പിനു കീഴില്‍ നടക്കുന്ന മേള മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ആണ് ഉദ്ഘാടനം ചെയ്തത്. വ്യത്യസ്തങ്ങളായ നൂറിലധികം പരിപാടികളാണ് ഇത്തവണ മേളയില്‍ ഒരുക്കിയിരിക്കുന്നത്. മേള ഈ മാസം 13വരെ നീണ്ടുനില്‍ക്കും. സഊദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടികളിലൊന്നായ ഉക്കാദ് മേളയാണ് തായിഫില്‍ ജൂണ്‍ 27നാണ് ആരംഭിച്ചത്. വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക വിനോദ പരിപാടികളും പ്രദര്‍ശനങ്ങളും പരമ്പരാഗത കലാ കായിക മല്‍സരങ്ങളും പ്രകടനങ്ങളും സമ്മേളനങ്ങളും ശില്‍പശാലകളുമാണ് മേളയില്‍ നടക്കുന്നത്.
മേളയുടെ മേല്‍നോട്ടം സഊദി ടൂറിസം പുരാവസ്തു വകുപ്പിനെ ഏല്‍പിച്ചതിനു ശേഷമുള്ള രണ്ടാമത്തെ മേള എന്ന പ്രത്യേകത കൂടി ഈ വര്‍ഷമുണ്ട്. മക്ക മേഖല ഗവര്‍ണറേറ്റ്, ത്വാഇഫ് നഗരസഭ എന്നിവയുമായി സഹകരിച്ച് വിപുലമായ ഒരുക്കങ്ങളാണ് ടൂറിസം വകുപ്പ് മേളക്കായി ഒരുക്കിയിരിക്കുന്നത്. പരിപാടികളും പ്രകടനങ്ങളും പവലിയനുകളും കാണാന്‍ രാജ്യത്തിനകത്തും പുറത്തു നിന്നുള്ള നിരവധി ആളുകളാണ് ദിവസവും മേളയിലെത്തുന്നത്. ഇരുഹറം കാര്യാലയ പവലിയനുകള്‍, സഊദി ആംഡ് ഫോഴ്‌സ് പവലിയന്‍, 200 ഓളം ചിത്രകാരന്മാര്‍ക്കായി ഒരുക്കിയ കൂറ്റന്‍ ക്യാന്‍വാസ് എന്നിവയാണ് ഈ വര്‍ഷത്തെ മേളയിലെ പ്രത്യേകതകള്‍.
കിസ്‌വ ഫാക്ടറി, അല്‍ഹറമൈന്‍ എക്‌സിബിഷന്‍, സംസം സുഖ്‌യാ ഓഫീസ് എന്നിവ ഉള്‍പ്പെടുന്നതാണ് ഹറമൈന്‍ പവലിയന്‍. സഊദി ആംഡ് ഫോഴ്‌സ് പവലിയനില്‍ ആയുധങ്ങളും ടാങ്കുകളും സൈനിക ഉപകരണങ്ങളും വാഹനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൈനിക ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനും വിമാനത്തിനുള്ളില്‍ കയറുന്നതിനുമൊക്കെ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്നുണ്ട്. ഇതിനോടകം മൂന്നു ലക്ഷം സന്ദര്‍ശകര്‍ മേളയിലെത്തിയതാണ് കണക്ക്. അതേ സമയം ആദ്യമായാണ് മേള കാണാനെത്തുന്നവര്‍ക്ക് ഇത്തവണ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയത്. 10 റിയാല്‍ മുതല്‍ 75 വരെയാണ് ഫീസ്. 75 റിയാല്‍ ഫീസ് നല്‍കുന്നവര്‍ക്ക് കാര്‍ പാര്‍ക്കിങ്, വി.ഐ.പി ഗേറ്റില്‍ സ്വീകരണം, വിനോദ പരിപാടികള്‍ കാണാനുള്ള രണ്ടു ടിക്കറ്റ്, മേളയുടെ അവസാനത്തില്‍ നറുക്കെടുക്കുന്ന സമ്മാന പദ്ധതിയില്‍ ചേരാന്‍ അവസരം എന്നിങ്ങനെയുള്ള വിവിധ സേവനങ്ങള്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."