ഹോട്ടലുകള്‍ക്ക് മുന്നില്‍ 'വിസിലടിക്കാര്‍' വേണ്ട! കടുത്ത നിര്‍ദേശവുമായി തൊഴില്‍ വകുപ്പ്
തിരുവനന്തപുരം: കെടും ചൂടില്‍ ഹോട്ടലുകളുടെ മുന്നില്‍ ആളുകളെ വിളിച്ചു കയറ്റാന്‍ ജീവനക്കാരെ നിര്‍ത്തേണ്ട. നിര്‍ത്തിയാല്‍ ഹോട്ടല്‍ പൂട്ടിക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടിയുണ്ടാകും.
ഹോട്ടലുകള്‍ക്ക് മുന്നില്‍ ബോര്‍ഡും പിടിച്ച് ആളുകളെ വിളിച്ചു കയറ്റാന്‍ ജീവനക്കാരെ നിര്‍ത്തുന്ന പരിപാടിക്ക് തൊഴില്‍ വകുപ്പാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഉച്ചയ്ക്ക് 1 മണി മുതല്‍ മൂന്നു മണിവരെ ജീവനക്കാരെ ജോലിക്ക് നിയോഗിക്കരുതെന്നും ഇതു ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് ലേബര്‍ കമ്മിഷണര്‍ നിര്‍ദേശം നല്‍കി. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ലേബര്‍ കമ്മിഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. ഹോട്ടലുകള്‍ക്ക് മുന്നില്‍ ബോര്‍ഡും പിടിച്ച് കൊടുംചൂടില്‍ നില്‍ക്കുന്നവരുടെ മോശം അവസ്ഥ വ്യക്തമാക്കുന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി.
ഇന്നു മുതല്‍ എല്ലാ ജില്ലാ ലേബര്‍ ഓഫിസസര്‍മാരും ഹോട്ടലുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. 2018ലെ കേരള ഷോപ്പ് ആന്‍ഡ് കൊമേഷ്യല്‍ എക്സ്റ്റാബ്ലിഷ്‌മെന്റ്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സിലെ ചട്ടം (21 ബി) അനുസരിച്ച് ജീവനക്കാര്‍ക്ക് ജോലിക്കിടെ വിശ്രമിക്കാനുള്ള ഇരിപ്പിടം അനുവദിക്കണം.
ഹോട്ടലിനു മുന്നില്‍ ബോര്‍ഡുമായി നില്‍ക്കുന്ന ജോലികള്‍ ചെയ്യുന്ന ജീവനക്കാരുള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം നില്‍ക്കാന്‍ നിര്‍ദേശിക്കരുതെന്നാണ് നിയമം.
ഈ നിയമം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ലേബര്‍ കമ്മിഷണര്‍ അറിയിച്ചു.
'ഭയങ്കര ചൂടാണ് യുവര്‍ ഓണര്‍'
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് കോട്ടും ഗൗണുമില്ലാതെ കോടതിയില്‍ എത്തിയ അഭിഭാഷകന് വാദം പറയാന്‍ കോടതി അനുമതി നല്‍കിയില്ല.
തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അഭിഭാഷകന്‍ യൂനിഫോം ധരിക്കാതെയെത്തിയത്. വേനല്‍ക്കാലത്ത് കോട്ടും ഗൗണും ധരിക്കുന്നതില്‍ നിന്ന് അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇളവ് നല്‍കിയിട്ടുണ്ടെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. കോട്ടും ഗൗണും ധരിക്കാത്ത അഭിഭാഷകര്‍ക്ക് കക്ഷിക്കു വേണ്ടി ഹാജരാകാനോ വാദം പറയാനോ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
മറ്റുള്ള അഭിഭാഷകരെ പോലെ കോട്ടും ഗൗണും ധരിച്ചു വന്നാല്‍ മാത്രമേ താന്‍ കേസില്‍ വാദം കേള്‍ക്കൂവെന്നും ജില്ലാ ജഡ്ജി നിലപാടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."