ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍ക്ക് ഉണര്‍വേകാന്‍ വല്ല 'ടെക്‌നിക്കും' വേണം പകുതിയോളം സീറ്റിലും പഠിതാക്കളില്ല
ചെറുവത്തൂര്‍: ഹൈസ്‌കൂള്‍ പഠനത്തോടൊപ്പം സാങ്കേതിക പരിജ്ഞാനവും നല്‍കി തൊഴിലിനു കൂടി സജ്ജരാക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കുട്ടികള്‍ക്കു പ്രിയം കുറയുന്നു. ജില്ലയിലെ രണ്ടു ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലും കൂടി പകുതിയോളം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. മൊഗ്രാല്‍ പുത്തൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഗവ. ടെക്‌നിക്കല്‍ സ്‌കൂളുകള്‍ ഉള്ളത്. എട്ടാം തരത്തിലേക്കാണ് ഇവിടെ കുട്ടികള്‍ക്കു പ്രവേശനം നല്‍കുന്നത്. എട്ടാംതരത്തില്‍ ചെറുവത്തൂരില്‍ 120 ഉം മൊഗ്രാല്‍ പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 60ഉം സീറ്റുകളുമാണുള്ളത്. എന്നാല്‍ ചെറുവത്തൂരില്‍ ഇത്തവണ പ്രവേശനം നേടിയത് 69 കുട്ടികള്‍ മാത്രമാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 കുട്ടികളുടെ കുറവാണ് എട്ടാം തരത്തില്‍ ഉണ്ടായിരിക്കുന്നത്. മൊഗ്രാല്‍പുത്തൂരില്‍ എട്ടാം തരത്തില്‍ ഇത്തവണയെത്തിയത് 46 കുട്ടികളാണ്. ചെറുവത്തൂരില്‍ എട്ടു മുതല്‍ പത്തുവരെ ക്ലാസുകളിലെ കണക്കെടുക്കുമ്പോള്‍ 148 സീറ്റുകളും മൊഗ്രാല്‍ പുത്തൂരില്‍ 52 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. രണ്ടിടങ്ങളിലും കൂടി പഠനം നടത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം രണ്ടാണ്. 2013 വരെ മലയാളമായിരുന്നു ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ പഠന മാധ്യമം. എന്നാല്‍ പിന്നീടത് ഇംഗ്ലീഷിലേക്കു മാറ്റി.
ഇംഗ്ലീഷില്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യബാച്ച് പുറത്തിറങ്ങി കഴിഞ്ഞു. മികച്ച വിജയശതമാനമുണ്ടായിട്ടുപോലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ നന്നേ കുറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ യോഗ്യതാ പരീക്ഷ നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പേരിനു മാത്രമാണു പരീക്ഷ നടത്തുന്നത്. പത്താംതരം വിജയിക്കുമ്പോള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഐ.ടി.ഐ തുല്യതാ ട്രേഡ് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു എന്നതാണ് കോഴ്‌സിന്റെ പ്രത്യേകത. ടി.എച്ച്.എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് പോളിടെക്‌നിക്ക് പ്രവേശനത്തിന് 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഈ പ്രവേശനം കൂടി ലക്ഷ്യമിട്ടാണ് മുന്‍പൊക്കെ കുട്ടികള്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേക്ക് ഒഴുകിയെത്തിയിരുന്നത്. സംസ്ഥാനത്ത് ഹോസ്റ്റല്‍ സൗകര്യമുള്ള ഏക ടെക്‌നിക്കല്‍ ഹൈസ്‌കൂളാണ് ചെറുവത്തൂര്‍. മുന്‍കാലങ്ങളില്‍ ലക്ഷദ്വീപില്‍ നിന്നു പോലും ഇവിടേക്ക് കുട്ടികള്‍ പഠനത്തിനായി എത്തിയിരുന്നു. ഓരോ വര്‍ഷം പിന്നിടുമ്പോഴും കുട്ടികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളികളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."