മുണ്ടേമ്മാട് ദ്വീപില്‍ മണലെടുപ്പ്; നടപടിയില്ലെന്ന് ആക്ഷേപം
നീലേശ്വരം: നീലേശ്വരം പള്ളിക്കരയ്ക്കടുത്ത് മണ്ടേമ്മാട് ദ്വീപില്‍ വന്‍തോതില്‍ മണലെടുപ്പ് നടക്കുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്താണ് രാപകലില്ലാതെ മണലെടുപ്പ് നടക്കുന്നത്. നേരത്തെ ഈ ഭാഗത്ത് മണലെടുപ്പ് നടക്കുമ്പോള്‍ നാട്ടുകാര്‍ താക്കീത് ചെയ്യുകയും തോണികള്‍ പിടികൂടി പൊലിസിലേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഈ ഭാഗത്തുനിന്നുള്ള മണലെടുപ്പ് പൂര്‍ണമായും ഒഴിവാക്കണമെന്ന് നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ക്കും പൊലിസിനും പരാതി നല്‍കിയിരുന്നു. പരാതി നല്‍കി ഒരാഴ്ചത്തേക്ക് എല്ലാം നിറുത്തി വെയ്ക്കുകയും പീന്നീട് വീണ്ടും ഇടതടവില്ലാതെ മണലൂറ്റുകയും ചെയ്യുക എന്നതാണ് മണലെടുപ്പ് ലോബിയുടെ സ്ഥിരം ശൈലി.
നീലേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, മടക്കര തുടങ്ങി മറ്റു പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിര്‍ബാധം തോണിയുമായി എത്തി പൂഴി കടത്തുകയാണ്. മുണ്ടേമ്മാട് ദ്വീപില്‍ ഭൂരിപക്ഷവും കൂലിത്തൊഴിലാളികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവര്‍ രാവിലെ ഒന്‍പതോടെ ജോലിക്കുപോയി തുടങ്ങിയാല്‍ പല ഭാഗങ്ങളില്‍ നിന്നുമെത്തുന്ന മണല്‍ മാഫിയകളാണ് മണലൂറ്റ് നടത്തുന്നത്. വേനല്‍ കടുത്തതോടെ പുഴയില്‍ വെള്ളം കുറഞ്ഞതും മണല്‍ക്കടത്ത് മാഫിയക്ക് വലിയ അനുഗ്രഹമായിട്ടുണ്ട്.
മണല്‍ക്കടത്ത് തടയാന്‍ ഡി.വൈ.എഫ്.ഐ വില്ലേജ് പ്രസിഡന്റ് പി.കെ അനീഷ് സെക്രട്ടറിയായി ദ്വീപ് സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ ശ്രമഫലമായി കുറച്ചു കാലം മണല്‍ക്കടത്തിന് ശമനമുണ്ടായിരുന്നെങ്കിലും ഇവര്‍ ഒന്നയഞ്ഞതോടെ മണലെടുപ്പ് പൂര്‍വാധികം ശക്തി പ്രാപിക്കുകയായിരുന്നു. ദിവസവും പത്തോളം തോണികളാണ് മണലെടുപ്പിന് ഇവിടെയെത്തുന്നത്. ഇങ്ങിനെ മണലെടുപ്പ് നടത്തിയാല്‍ മുണ്ടേമ്മാട് എന്ന ദ്വീപ് തന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് ജനം. മണലടുപ്പ് നിയന്ത്രിക്കാന്‍ റവന്യു ആധികാരികളോ പൊലിസുകാരോ രംഗത്തിറങ്ങണമെന്നാണ് ദ്വീപ് സംരക്ഷണ സമിതിയുടെ ആവശ്യം. കലക്ടറും റവന്യൂ മന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യവും ദ്വീപ് നിവാസികള്‍ക്കിടയില്‍ ഉന്നയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."