സുരക്ഷാ ക്രമീകരണങ്ങളില്ല അപകടമേഖലയായി ആലപ്പാട്ട് ക്ഷേത്രം വളവ്
കൊട്ടാരക്കര: എം.സി റോഡിലെ കുളക്കട ആലപ്പാട്ട് ക്ഷേത്രം വളവില്‍ അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും സുരക്ഷാ ക്രമീകരണങ്ങളൊരുക്കാന്‍ നടപടിയില്ല. കഴിഞ്ഞദിവസം അങ്കണവാടി അധ്യാപിക ലോറിക്കടിയില്‍പ്പെട്ട് ദാരുണമായി മരിച്ചതാണ് ഏറ്റവും ഒടുവിലായുണ്ടായ അപകടം.
അതേസമയം രാജ്യാന്തര നിലവാരത്തില്‍ പുനര്‍നിര്‍മിച്ചെന്ന് അധികൃതര്‍ അവകാശപ്പെടുന്ന എം.സി റോഡില്‍ ആയൂര്‍ മുതല്‍ ഏനാത്തു വരെയുള്ള ഭാഗം അപകട സാധ്യത കൂടുതലുള്ള മേഖലയാണെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. വയ്ക്കല്‍, വാളകം, കമ്പംകോട്, സദാനന്ദപുരം, ലോവര്‍ കരിക്കം, മൈലം റെയില്‍വേ പാലം, ഇഞ്ചക്കാട്, കുളത്തുവയല്‍, കുളക്കട ലക്ഷം വീട്, കുളക്കട ജങ്ഷന്‍ എന്നിവിടങ്ങള്‍ സ്ഥിരം അപകടസ്ഥലങ്ങളാണ്. കുളക്കട, കുളക്കട ആലപ്പാട്ട് ക്ഷേത്രം വളവ് എന്നിവിടങ്ങളിലാണ് ഏറ്റവും അധികം വാഹനാപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ളത്. എം.സി റോഡു നവീകരണത്തിനു ശേഷമാണ് അപകടങ്ങളുടെ തോതു വര്‍ധിച്ചിട്ടുള്ളതെന്നതാണ് വസ്തുത.
ആലപ്പാട്ട് ക്ഷേത്രത്തിനു മുന്‍വശത്ത് റോഡിന് കൊടും വളവാണ്. ഇവിടെ റോഡിന്റെ പ്രതലം ഒരു വശത്തേക്ക് ചരിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. അതിനാല്‍ ഇവിടെ അപകടഭീഷണിയും ഉയര്‍ത്തുന്നു. അതേസമയം ഇവിടെ അപകടങ്ങള്‍ ഏറെ നടന്നെങ്കിലും ഈ ഭാഗം അപകടരഹിതമാക്കാനുള്ള ഒരുനടപടിയും കെ.എസ്.ടി.പിയുടെയോ പൊതുമരാമത്തു വകുപ്പിന്റെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
റോഡു നിര്‍മിതിയിലെ അപാകത പരിഹരിക്കുന്നതിനോ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോ അധികൃതര്‍ വിമുഖത കാട്ടുകയാണെന്നാണ് ആക്ഷേപം.
ഇവിടെ അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും മരിച്ചവരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിയെടുക്കാത്തതിനാല്‍ ഇപ്പോഴും അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
അതേസമയം എം.സി റോഡ് നവീകരണത്തിനുശേഷം റോഡ് സുരക്ഷാ സമിതിയും പൊലിസും നടത്തിയ പഠനങ്ങളില്‍ നിര്‍മിതിയില്‍ ഒട്ടേറെ അപാകതകള്‍ കണ്ടെത്തുകയും പരിഹാര നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കൊടുംവളവുകള്‍ ഒഴിവാക്കാനും ഉപരിതലം പരുക്കനാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവ നടപ്പാക്കാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
കൂടാതെ ഇപ്പോള്‍ ടാറിങ് പ്രവൃത്തി നടന്ന സ്ഥലങ്ങളില്‍ ദിശാ സൂചകങ്ങളോ അപകട മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കുളക്കട സര്‍ക്കാര്‍ സ്‌കൂളിന്റെ മുന്നില്‍ പോലും ഒരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല.
അതേസമയം റോഡല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് മരണങ്ങളുടെ കണക്കെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."