പുഴയോരങ്ങളില്‍ പുകഞ്ഞ് ലഹരി
കൊട്ടിയൂര്‍: ലഹരി നുകരാനുള്ള സുരക്ഷിത കേന്ദ്രമായി മാറുകയാണ് മലയോരത്തെ ബാവലി, ചീങ്കണ്ണി പുഴയോരങ്ങള്‍. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് യുവത്വം ഇവിടെ ലഹരിയുടെ സുഖം തേടിയെത്തുന്നത്. മലയോരമേഖല കഞ്ചാവിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും മദ്യത്തിന്റെയും പിടിയിലാണ്. ഒരുഭാഗത്ത് എക്‌സൈസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്പോഴും മറുഭാഗത്ത് മദ്യ-മയക്കുമരുന്ന് മാഫിയകള്‍ അവരുടെ പുതിയ ഇരകളെ തേടുകയാണ്.
തലക്കാണി ഗവണ്‍മെന്റ് യു.പി സ്‌കൂളിന് സമീപത്തെ ബാവലി പുഴയോരത്ത് നൂറുകണക്കിന് മദ്യകുപ്പികള്‍ ആണ് കൂട്ടിയിരിക്കുന്നത്. കൂടാതെ സിഗരറ്റ് കുറ്റികളും ലഹരി മിഠായികളുടെ കവറുകളുമാണ് ഈ പ്രദേശം നിറയെയുള്ളത്. ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്നുള്ളതാണ് സംഭവത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നത്.
മദ്യപിച്ചശേഷം കുപ്പികള്‍ പുഴയിലെറിഞ്ഞു പൊട്ടിക്കുന്നത് പുഴയില്‍ കുളിക്കാനും അലക്കുന്നതിനും എത്തുന്നവരുടെ ദേഹത്ത് മുറിവേല്‍ക്കുന്നതിനും കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കണിച്ചാര്‍ കുണ്ടേരിയിലും തലക്കാണിയിലും പുഴയോരത്ത് ഉണ്ടായ തീപിടിത്തം ഇത്തരം സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം ഉണ്ടായതാണെന്നും തെളിഞ്ഞിട്ടുണ്ട്.
കൃത്യസമയത്തുള്ള ഇടപെടല്‍ കൊണ്ട് മാത്രമാണ് വലിയ നാശനഷ്ടങ്ങള്‍ ഇല്ലാതെ തീയണക്കാന്‍ കഴിഞ്ഞത്. ലഹരി മാഫിയയെ പിടിച്ചുകെട്ടാന്‍ കേവലം ഉദ്യോഗസ്ഥ നടപടികള്‍ കൊണ്ട് മാത്രം കഴിയില്ലെന്നും പൊതുജനങ്ങളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയണം എന്നുമുള്ളതാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ അടക്കം ലഹരിക്ക് അടിമകളാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധയും ഇതില്‍ ഗൗരവമായി പതിയേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."