കൊട്ടിയത്തും തൃക്കോവില്വട്ടത്തും കുടിവെള്ളക്ഷാമം രൂക്ഷം
കൊട്ടിയം: തൃക്കോവില്‍വട്ടം, കൊട്ടിയം മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കുടിവെള്ളത്തിനായി നടപടി എടുക്കാതെ പഞ്ചായത്ത് അധികാരികളും. സ്ഥലത്ത് ഏകദേശം എല്ലാ തോടുകളും നീര്‍ത്തടങ്ങളും ചെറിയ കുളങ്ങളും വറ്റിവരണ്ടിരിക്കുകയാണ്. കൊട്ടിഘോഷിച്ച കണ്ണനല്ലൂര്‍ ഗ്രാമീണ ജല വിതരണ പദ്ധതി കോടികള്‍ ചെലവഴിച്ച് നിര്‍മാണം നടത്തിയിട്ടും പഴയ പൈപ്പ് ലൈനുകള്‍ മാറ്റാനാകാതെ ഉദ്ഘാടനം വൈകുകയാണ്. കണ്ണനല്ലൂര്‍, കൊട്ടിയം മേഖലകളില്‍ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും വന്‍വില നല്കി വെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയാണ്.
ചിലയിടങ്ങളില്‍ പണം നല്കിയാലും വെള്ളം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ജനങ്ങള്‍ പറയുന്നു. ഇത്തിക്കരയാറിന്റെ തീരപ്രദേശത്ത് താമസിക്കുന്നവരും വെള്ളക്ഷാമത്തിന്റെ പിടിയിലാണ്. ഇത്തിക്കര ആറിലെ അനിയന്ത്രിതമായ മണല്‍വാരലിനെത്തുടര്‍ന്ന് ആറിന്റെ താഴ്ച കൂടിയതാണ് പ്രധാന കാരണം. മയ്യനാട് പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിലും കൊട്ടിയത്തും സമീപ്രദേശങ്ങളായ പറക്കുളം, ഉമയനല്ലൂര്‍, കല്ലുകുഴി എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കടുത്ത വേനലിനെ തുടര്‍ന്ന് കിണറുകളിലെ ജലനിരപ്പ് താഴുകയും പൂര്‍ണമായി വറ്റിവരളുകയും ചെയ്തിട്ടുണ്ട്. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ എല്ലാം വറ്റിവരണ്ടിരിക്കുകയാണ്.
മൈലക്കാട് ഭാഗത്തും രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. കുടിവെള്ളക്ഷാമത്തിന് പരിഹാരമെന്നോണം നടപ്പാക്കിയ ജപ്പാന്പദ്ധതിയെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്. അധികൃതരോട് പരാതി പറഞ്ഞാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുവെന്നാണ് മറുപടി. പഞ്ചായത്തുകള്‍ ഭരിക്കുന്നവര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കാതെ അനങ്ങാപാറ നയമാണ് സീകരിക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."