വീണ്ടും കമ്പിളി ചിലന്തി; കുരുമുളക് കര്‍ഷകര്‍ ആശങ്കയില്‍
തരുവണ: ഇടക്കാലത്ത് അപ്രത്യക്ഷമായ കമ്പിളി ചിലന്തി ജില്ലയില്‍ വീണ്ടും വ്യാപകമാകുന്നു. കുരുമുളക് വള്ളികളുടെ ഇളം കൂമ്പുകള്‍ ഭക്ഷിക്കുന്ന ഇവ കര്‍ഷകര്‍ക്ക് ഭീഷണിയാകുകയാണ്.
ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിലവില്‍ കമ്പിളി ചിലന്തിയെ വ്യാപകമായി കണ്ടുവരുന്നുണ്ട്. കമ്പിളിപ്പുഴുവിനോട് ഏറെ സാമ്യമുള്ള ഇവക്ക് കറുപ്പു നിറവും രോമങ്ങളുടെ അഗ്രഭാഗത്തിന് വെള്ള നിറവുമാണ്. കൂട്ടത്തോടെ കാണപ്പെടുന്ന ഇവയുടെ ആക്രമണത്തില്‍ തരവണയിലും പരിസര പ്രദേശങ്ങളായ വില്ലേജ്കുന്ന്, പുലിക്കാട്, കൊടക്കാട്കുന്ന് എന്നിവിടങ്ങളില്‍ നിരവധി കുരുമുളക് വള്ളികളാണ് നശിച്ചത്.
മുന്‍പ് കൃഷിയിടങ്ങളില്‍ വ്യാപകമായിരുന്ന ഇവയെ 40 ഓളം വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് കാണുന്നതെന്ന് പഴമക്കാര്‍ പറയുന്നു. ഭീഷണിയായ കമ്പിളിച്ചിലന്തിക്കെതിരേ എന്തു പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്നറിയാത്ത സ്ഥിതിയാണുള്ളതെന്ന് കര്‍ഷകരായ വില്ലേജ് കുന്നിലെ പള്ളിയാല്‍ ഉസ്മാന്, കൊടക്കാട്കുന്നിലെ സി.എച്ച് ആലിയും പറയുന്നു.
വിവിധ കീടബാധകള്‍ കാരണം പ്രതിസന്ധിയിലായ കുരുമുളക് കര്‍ഷകരെ രക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."