ശിരോവസ്ത്രം ധരിച്ചു മാതൃകയായ ജസീന്ത
മതശാസനകള്‍ വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന മുസ്‌ലിംകളുടെ പെണ്‍മക്കള്‍പോലും ചില സന്ദര്‍ഭങ്ങളില്‍ ശിരോവസ്ത്രമഴിച്ചു 'വാനിറ്റി ബാഗില്‍' സൂക്ഷിക്കുന്ന സ്ഥിതിവിശേഷം നിലവിലിരിക്കെ ഇസ്‌ലാമിക സമൂഹത്തിന്റെ സവിശേഷ ഐഡന്റിറ്റിയായ ശിരോവസ്ത്രത്തെ ഉയര്‍ത്തിക്കാണിച്ച മഹതിയാണു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. ദിവസങ്ങള്‍ക്കു മുമ്പ് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് തെരുവ് വീഥിയിലുള്ള രണ്ടു മസ്ജിദുകളില്‍ ഒരു നരാധമന്‍ നടത്തിയ നരനായാട്ടില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കാന്‍ തന്റേതായ വേറിട്ട രീതി തിരഞ്ഞെടുത്തു ലോകത്തിന്റെ മുക്തകണ്ഠ പ്രശംസ നേടിയ ഭരണാധികാരിയാണ് അവര്‍!
ഇരകളുടെ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജസീന്ത തെരഞ്ഞെടുത്ത ഇസ്‌ലാമിക ചിഹ്നം പവിത്രമായ ശിരോവസ്ത്രമായിരുന്നു. ജസീന്ത ആര്‍ഡേന്‍ കറുത്ത ഷാള്‍ തലയിലണിഞ്ഞു ജുമഅ നമസ്‌കാരത്തിന് ദുരന്തത്തിനു സാക്ഷിയായ അല്‍നൂര്‍ മസ്ജിദിലെത്തിയപ്പോള്‍ ന്യൂസിലന്‍ഡിലെ ഏതാണ്ട് മുഴുവന്‍ സ്ത്രീകളും അവരെ അനുകരിച്ചു ശിരോവസ്ത്രമണിഞ്ഞു വിവിധ പള്ളികളിലെത്തി മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കാളികളാകുകയും ചെയ്തു.
ജനസംഖ്യയിലെ ഒരു ശതമാനം മാത്രമുള്ള മുസ്‌ലിംകളോടും അവരുടെ സംസ്‌കാരത്തോടും ന്യൂസിലന്‍ഡ് എന്ന കൊച്ചുരാജ്യം കാണിച്ച ആദരവും സ്‌നേഹവും ലോകം വിസ്മയത്തോടെയാണു വീക്ഷിച്ചത്. സ്‌കൂളിന്റെ ചുറ്റുമതിലിനകത്തേയ്ക്കു പോലും ശിരോവസ്ത്രമണിഞ്ഞ വിദ്യാര്‍ഥിനികളെ പ്രവേശിപ്പിക്കാത്ത മാനേജ്‌മെന്റുകള്‍ നടത്തുന്ന അനേകം വിദ്യാഭ്യാസസ്ഥാപനങ്ങളുളള നമ്മുടെ നാട്ടിലെ ഭരണാധികാരികളുടെ മനോഭാവം ഇതോടു ചേര്‍ത്തു വായിക്കുമ്പോഴാണ് ആ രാജ്യത്തിന്റെ മഹത്വം മനസ്സിലാകുക.
തിരുവസ്ത്രമണിഞ്ഞ കന്യാസ്ത്രീകള്‍ അധ്യാപികമാരായ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇതുതന്നെയാണു സ്ഥിതി. അവിടെയും മുസ്‌ലിം അധ്യാപികമാരും വിദ്യാര്‍ഥിനികളും സ്ഥാപനത്തിന്റെ പ്രവേശനകവാടത്തില്‍ വച്ചു തന്നെ ശിരോവസ്ത്രമഴിച്ചു ബാഗില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ തരത്തിലുളള സ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകള്‍ പ്രകടിപ്പിക്കുന്ന കടുത്ത അസഹിഷ്ണതയ്ക്കും വിവേചനത്തിനുമെതിരേ അധികൃതരും കണ്ണടയ്ക്കുകയാണ്.
കേരളത്തെപോലെ ജനസംഖ്യയില്‍ 30 ശതമാനത്തിലധികം മുസ്‌ലിംകളുള്ള സംസ്ഥാനത്തുപോലും ഈ വിവേചനത്തിനെതിരേ പ്രതികരിക്കാന്‍ കഴിയാത്തത് മുസ്‌ലിംസ്ത്രീകളുടെ അഭിമാനസൂചകമായ ഐഡന്റിറ്റിയായി ശിരോവസ്ത്രത്തെ പരിഗണിച്ചിട്ടില്ലെന്നതു കൊണ്ടാണ്. ന്യൂസിലന്‍ഡിലെ ദുരന്തവും ശിരോവസ്ത്രത്തിനു ലഭിച്ച ആദരവും ഒരുപക്ഷേ നമ്മളെയും മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചേയ്ക്കാം.
'രക്തസാക്ഷികളുടെ രക്തം ഒരിക്കലും പാഴാകുകയില്ലെ'ന്ന നബിവചനം അന്വര്‍ഥമാക്കുന്നതാണ് ഈ സംഭവം. ലോകത്തിന്, വിശിഷ്യ മുസ്‌ലിംകള്‍ക്ക്, അനേകം തിരിച്ചറിവുകളാണ് ഈ ദുരന്തം നല്‍കിക്കൊണ്ടിരിക്കുന്നത്. ഭീകരാക്രമണങ്ങളുണ്ടാകുമ്പോള്‍ അശരണരായ ഇരകളോട് എങ്ങനെയാണു ഭരണാധികാരി പ്രതികരിക്കേണ്ടതെന്നു ജസീന്ത ആര്‍ഡേന്‍ എന്ന 38 കാരി പ്രധാനമന്ത്രി ലോകത്തിനു കാണിച്ചുകൊടുത്തു. ഗുജറാത്ത് കലാപത്തിലെ ഇരകളോട് 'കാറിന് അടിയില്‍പ്പെട്ട പട്ടിക്കുഞ്ഞുങ്ങളോട് തോന്നുന്ന സഹതാപം' പ്രകടിപ്പിച്ച ഭരണാധികാരികള്‍ക്കു തിരിച്ചറിവു നല്‍കാന്‍ ഈ രക്തസാക്ഷിത്വം കാരണമായേക്കും.
കൊല്ലപ്പെട്ടവരുടെയും പരിക്കു പറ്റിയവരുടെയും ബന്ധുക്കളെ അവരുടെ വീടുകളില്‍ച്ചെന്ന് ആലിംഗനം ചെയ്തും ചേര്‍ത്തുനിര്‍ത്തിയും ജസീന്ത ലോകത്തിനു കാണിച്ചുകൊടുത്ത സാന്ത്വനത്തിന്റെ മാതൃക മഹത്തരവും പകരംവയ്ക്കനില്ലാത്തതുമാണ്. ദുരന്തമുണ്ടായപ്പോള്‍ 'അമേരിക്ക എന്താണു ചെയ്യേണ്ട'തെന്ന പ്രസിഡന്റ് ട്രംപിന്റെ സ്‌നേഹാന്വേഷണത്തിന് 'എല്ലാ മുസ്‌ലിംകളോടും സ്‌നേഹവും കാരുണ്യവും കാണിക്കുക'യെന്ന ജസീന്തയുടെ മറുപടി 'ഇസ്‌ലാമോഫോബിയ' വളര്‍ത്തുകയും മുസ്‌ലിംകളോടു വംശീയവിരോധം വച്ചുപുലര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ലോക രാജ്യങ്ങള്‍ക്കു കൂടിയുള്ള ഉപദേശമാണ്.
ഈ രക്തസാക്ഷിത്വം ലോകത്തിനു നല്‍കിയ മറ്റൊരു തിരിച്ചറിവു ഭീകരവാദവും തീവ്രവാദവും ഒരിക്കലും ഒരു മതത്തോടു ചേര്‍ത്തു പറയാവതല്ലെന്നതാണ്. ക്രൈസ്റ്റ് ചര്‍ച്ച് റോഡിലെ മസ്ജിദുകളില്‍ നിറയൊഴിച്ച് അനേകം പേരെ വധിച്ച വ്യക്തി നിഷ്ഠൂരനായ ഭീകരന്‍ മാത്രമാണ്. അയാള്‍ ഒരു ക്രിസ്തീയ ഭീകരനോ ഹൈന്ദവഭീകരനോ ജൂത ഭീകരനോ അല്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു മതവുമായി ബന്ധമില്ല.
അവിടെയൊഴുകിയ വിശ്വാസിയുടെ ചുടുരക്തം നമ്മോടു പറയുന്നു. ' അക്രമിയുടെ പേരുപോലും താന്‍ പറയുകയില്ല.' എന്ന്. പ്രസിദ്ധിയാണ് അവനുദ്ദേശിച്ചതെങ്കില്‍ അവന്‍ ഭീകരനായ കൊലയാളി മാത്രമാണെന്ന ജസീന്തയുടെ ആദ്യപ്രതികരണം ഇതിന് അടിവരയിടുന്നതാണ്.
ഏതു പ്രതികൂലസാഹചര്യത്തിലും സ്വന്തം മതചിഹ്നങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നത് അഭിമാനമായി കാണാന്‍ ഈ രക്തസാക്ഷിത്വം മുസ്‌ലിം ലോകത്തെ സഹായിക്കുന്നുണ്ട്. ഏതു മതം സ്വീകരിക്കുവാനും അതനുസരിച്ചു ജീവിക്കാനും ഭരണഘടന അനുവദിക്കുന്ന ഇന്ത്യയെപോലുള്ള മഹത്തായ രാജ്യത്ത് മതശാസനകള്‍ക്കനുസരിച്ചുളള മാന്യമായ വസ്ത്രം ധരിക്കുവാനുള്ള വ്യക്തിയുടെ (അതു മുതിര്‍ന്നവരായാലും വിദ്യാര്‍ഥിനികളായാലും) അവകാശത്തെ നിഷേധിക്കാനാവില്ല.
ധന്യമായ സംസ്‌കാരത്തിന്റെ പ്രതീകങ്ങളായ മതചിഹ്നങ്ങള്‍ ആത്മാഭിമാനത്തോടെ അനുധാവനം ചെയ്യാനും ആ അവകാശ നിഷേധത്തിനെതിരേ ശക്തമായി പ്രതികരിക്കാനും ഈ രക്തസാക്ഷികളുടെ പവിത്രമായ രക്തം ലോക മുസ്‌ലിംകളെ തെര്യപ്പെടുത്തുന്നു.
രക്തസാക്ഷികള്‍ അമരന്മാരാണ്. അവര്‍ നാഥന്റെയടുക്കല്‍ എന്നുമെന്നും ജീവിക്കുന്നവരാണ്. അവര്‍ ചിന്തിയ രക്തം ഒരിക്കലും പാഴാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."