രാജധാനി കൂട്ടക്കൊല: പ്രതികളെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു
തൊടുപുഴ: അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം ഉടമയെയും ഭാര്യയെയും ഭാര്യാ മാതവിനെയും കൊലപ്പെടുത്തി ആഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ നിര്‍ണായക സാക്ഷിയായ ഓട്ടോഡ്രൈവര്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു. ടുറിസ്റ്റ്ഹോം നടത്തിപ്പുകാരന് പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്( 69), ഭാര്യ ഐഷ(63), ഭാര്യമാതാവ് നാച്ചി(80) എന്നിവരാണ് കൊല്ലപ്പെട്ടത്.
കര്‍ണാടക തുമകുരു ബുക്കാപട്ടണം സ്വദേശി രാഘവേന്ദ്ര(23), സിറ സ്വദേശി മധു(രാഗേഷ് ഗൗഡ-26), ഇയാളുടെ സഹോദരന് മഞ്ജുനാഥ്(21) എന്നിവരാണ് കേസിലെ പ്രതികള്‍. 2015 ഫെബ്രുവരി 13നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
മൂന്നാര്‍ ഡിവൈഎസ്പി കെ ബി പ്രഫുല്ലചന്ദ്രന്, അടിമാലി സിഐ ആയിരുന്ന സജി മാര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടത്തിയത്.
തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍പാടെ 17ന് വിചാരണ ആരംഭിച്ച കേസില്‍ ഒമ്പത് സാക്ഷികളെ ഇതിനകം വിസ്തരിച്ചു. കൊല നടന്ന ദിവസം രാത്രിയില്‍ അടിമാലിയില്‍ നിന്നും തന്റെ ഓട്ടോ വിളിച്ച് ആലുവയിലേയ്ക്ക് പോയ ഇതര സംസ്ഥാനക്കാരായ മൂന്നുപേരെയാണ് കോടതിമുറിയില്‍ ഹാജരാക്കിയിരിക്കുന്നതെന്ന് ഓട്ടോഡ്രൈവര്‍ മൊഴി നല്കി. പ്രതികള്‍ കൊള്ളയടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കര്‍ണാടകയില്‍ പ്രതികളുടെ താമസസ്ഥലത്ത് നിന്നും പൊലിസ് കണ്ടെടുത്ത് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് കൊല്ലപ്പെട്ടവരുടെ മക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
ആകെ 99 സാക്ഷികളാണ് കേസിലുള്ളത്. 31 തൊണ്ടിമുതലുകള്‍ വിസ്താരവേളയില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി സുനില്‍ദത്താണ് കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."