കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍രീതി പരിഷ്കരിക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് നിര്‍ണയ രീതി പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലുള്ള പദ്ധതിക്ക് 5,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുക. 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
ഒരു പ്രത്യേക തസ്തികയിലിരിക്കെ ഒരാള്‍ വിരമിക്കുമ്പോള്‍ പെന്ഷന് തിട്ടപ്പെടുത്താന്‍ അയാള്‍ ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളമാകും പുതിയ രീതി അനുസരിച്ച് അടിസ്ഥാനപ്പെടുത്തുക. പെന്ഷന് ഓരോ ശമ്പള കമ്മിഷന് റിപ്പോര്‍ട്ട് അനുസരിച്ച് പരിഷ്കരിക്കുന്ന നിലവിലെ രീതിയിലും മാറ്റം വരും.
ആറാം ശമ്പളകമ്മിഷന്‍ കാലത്ത് ഡയരക്ടറായി വിരമിക്കുന്ന ഉദ്യോഗസ്ഥന്റെ പെന്ഷന് 10 വര്‍ഷം കഴിയുമ്പോള്‍ ഏഴാം ശമ്പളക്കമ്മിഷനില് പുനര്‍നിര്‍ണയിക്കപ്പെടും.അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പുതിയ പെന്ഷന് രീതി അംഗീകരിക്കുമെന്നാണ് വിവരം. പെന്ഷന് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പെന്ഷന് നിശ്ചയിക്കുന്ന രീതി പരിഷ്കരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഏഴാം ശമ്പളക്കമ്മിഷന്‍ പെന്ഷന് നിശ്ചയിക്കുന്നതിന് രണ്ട് രീതികളാണ് ശുപാര്‍ശ ചെയ്തത്. ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളത്തിന്റെ പകുതിയെ 2.57 കൊണ്ട് ഗുണിക്കുന്ന തുക പെന്‍ഷനായി നല്‍കുക. മറ്റൊന്ന് ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളത്തെ അടിസ്ഥാനമാക്കി ഇന്‍ക്രിമെന്റുകള്‍ കഴിച്ചുള്ള തുക നിശ്ചയിക്കുന്ന രീതി. പല ഓഫിസുകളിലും രേഖകള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാല്‍ പെന്ഷന് തുക നിശ്ചയിക്കുന്നതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് പുതിയ പദ്ധതി ആവിഷ്കരിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."