സംരംഭകനാകാന്‍ അവസരമൊരുക്കി 'എന്റെ ഗ്രാമം' പദ്ധതി
കോഴിക്കോട്: ഗ്രാമീണ മേഖലയില്‍ സാധാരണക്കാര്‍ക്ക് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് 'എന്റെ ഗ്രാമം'. 18 വയസിന് മുകളിലുളള വ്യക്തികള്‍, സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, ധര്‍മ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പദ്ധതിയില്‍ സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ധനസഹായം നല്‍കും. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതിയില്‍ പരമാവധി അഞ്ചു ലക്ഷം രൂപയാണ് ലഭിക്കുക. ഓരോ ലക്ഷം രൂപയ്ക്കും ഒരാള്‍ക്ക് വീതം തൊഴില്‍ ലഭ്യമാക്കണം. ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 40 ശതമാനവും മാര്‍ജിന്‍ മണിയായി ലഭിക്കും.
ജനറല്‍ വിഭാഗത്തില്‍ പെട്ട സംരംഭകര്‍ പത്തും മറ്റു വിഭാഗങ്ങള്‍ അഞ്ചും ശതമാനം തുക സ്വന്തമായി മുതല്‍ മുടക്കണം. വ്യക്തികള്‍ക്കും സ്വയം സഹായസംഘങ്ങള്‍ക്കും ആദായകരവും മേന്മയേറിയതുമായ സംരംഭങ്ങള്‍ കണ്ടെത്തി ആരംഭിക്കുന്നതിന് പദ്ധതി സഹായിക്കും. എന്നാല്‍ മത്സ്യം, മാംസം, മദ്യം, പുകയില, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, കള്ള്, മത്സ്യ, മാംസങ്ങള്‍ എന്നിവ ലഭിക്കുന്ന ഹോട്ടല്‍ വ്യവസായം, തേയില, കാപ്പി, റബര്‍ മുതലായവയുടെ കൃഷി, പട്ടുനൂല്‍ പുഴുവളര്‍ത്തല്‍, മൃഗസംരക്ഷണം, പോളിത്തീന്‍ ബാഗുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണം, ഗതാഗത വാഹനങ്ങളുമായി ബന്ധപ്പെട്ട വ്യവസായം എന്നിവയ്ക്ക് സഹായം ലഭ്യമാകില്ല. ഫോണ്‍: 0495 2366156. നോഡല്‍ ഓഫിസര്‍: 8281528279, 9496133853.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."