ആശുപത്രിച്ചെലവ് നല്‍കാത്ത കരാറുകാരിക്കെതിരെ ജനരോഷം
തളിപ്പറമ്പ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ ആശുപത്രിച്ചെലവു നല്‍കാന്‍ തയ്യാറാകാത്ത കരാറുകാരിയുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമാകുന്നു. അഞ്ചു ദിവസം മുമ്പാണ് ബംഗാള്‍ സ്വദേശി ഗോപാലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് പരിയാരം ഹൃദയാലയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെ ഇയാള്‍ മരണപ്പെടുകയായിരുന്നു. കെ.എ.പി ക്യാംപിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണ തൊഴിലാളിയായിരുന്നു ഗോപാല്‍. കാനൂലിലെ ലതയാണ് പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്തത്. ജോലിസ്ഥലത്തു നിന്നല്ല ഗോപലന് നെഞ്ചുവേദനയുണ്ടായതെന്നും അതിനാല്‍ ആശുപത്രിച്ചെലവ് നല്‍കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമുള്ള നിലപാടിലായിരുന്നു കരാറുകാരി. ഇതേത്തുടര്‍ന്ന് ആശുപത്രി ബില്ലടക്കാനുള്ള ഉത്തരവാദിത്തം കരാറുകാരിക്കുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ സംഘടിച്ചു. ഒടുവില്‍ ജനരോഷം ശക്തമായതോടെ തൊഴിലാളിയുടെ ആശുപത്രി ചെലവും, സംസ്‌കാര ചെലവും വഹിക്കാമെന്ന് കരാറുകാരി അറിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാല് മണിയോടെ ബക്കളത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."