തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മൂന്നാംഗഡു പദ്ധതി വിഹിതം അടുത്തയാഴ്ച: മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള മൂന്നാംഗഡു പദ്ധതി വിഹിതം അടുത്ത ആഴ്ച അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രണ്ടു ഗഡു പദ്ധതി വിഹിതം നേരത്തെ നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍, ആശുപത്രികള്‍ക്കുള്ള അധികസഹായം, ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കല്‍, കമ്യൂണിറ്റി കിച്ചന്‍ നടത്തിപ്പ് തുടങ്ങിയവയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ട്രഷറിയില്‍ ഏര്‍പ്പെടുത്തും. ജില്ലാ ആസൂത്രണ സമിതികള്‍ ഇത്തരം പ്രൊജക്ടുകള്‍ പിന്നീട് സാധൂകരിച്ചാല്‍ മതി.
ഇത്തരത്തില്‍ പ്രൊജക്ടുകള്‍ക്കുവേണ്ടി ചെലവഴിക്കുന്ന പണത്തില്‍ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദനീയമായ പ്രൊജക്ടുകള്‍ക്കുള്ള തുക ജില്ലാ കലക്ടറില്‍നിന്നും റീ ഇമ്പേഴ്‌സ്‌മെന്റായി അനുവദിക്കും. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. ബാക്കിയുള്ള പണം പദ്ധതി വിഹിതത്തിന്റെ ഭാഗമായി അധികമായി അനുവദിക്കും.
ദുരിതാശ്വാസ നിധിയില്‍നിന്നും ആവശ്യമായ അധിക പണം ലഭ്യമാക്കുന്നതിന് നിര്‍ദേശം കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ആവശ്യാനുസരണം ചെലവഴിക്കുന്നതിന് സി.എം.ഡി.ആര്‍.എഫില്‍നിന്നും അവര്‍ക്ക് അധിക പണം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."