ദുരന്തകാലത്തെ കളിക്കളങ്ങള്‍
കനത്ത നിശബ്ദതയാണ് കളിക്കളങ്ങളില്‍. ഫ്‌ളഡ്‌ലിറ്റുകളുടെ പ്രഭാവലയങ്ങളില്ല. ഗാലറികളിലാവട്ടെ ആരവങ്ങള്‍ നിലച്ചിരിക്കുന്നു. മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളിലെ മുളം ഗാലറികള്‍ക്കും നൗകാമ്പിലെ ഗാലറിക്കും ഒരേ നിശബ്ദത. ചൈനയിലെ വുഹാനില്‍ 'കളി' തുടങ്ങിയ വൈറസ് ലോകംതന്നെ നിശ്ചലമാക്കിയപ്പോള്‍ പ്രകമ്പനം മൈതാനങ്ങളെയും ഗാലറികളെയും നിശ്ചലാവസ്ഥയിലാക്കി. കൊവിഡ് വ്യാപനം നിലയ്ക്കുന്നില്ലെങ്കിലും പ്രതീക്ഷയുടെ നേരിയ വെളിച്ചവുമായി ദ്രുതചലനം നിലച്ചുപോയ കളിക്കളങ്ങള്‍ പതിയെ ഉണരുന്നുണ്ട്. ലാലിഗയിലും പ്രീമിയര്‍ ലീഗിലും പന്തുരുളുന്നു. ഇംഗ്ലണ്ട് -വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കും തുടക്കമായി. അവിടെയെല്ലാം ഗാലറികള്‍ നിശ്ചലമാണ്. ഇനിയെത്ര കാലം കാത്തിരിക്കണം ഗാലറികള്‍ക്ക് ആരവങ്ങളെ തിരിച്ചുപിടിക്കാന്‍. പടര്‍ന്നു പന്തലിച്ച സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രിക്ക് കനത്തപ്രഹരമാണ് കൊവിഡ് സമ്മാനിച്ചത്. വികസിത രാജ്യങ്ങളുടെ സമ്പദ്ഘടനയില്‍ അഞ്ച് ശതമാനം സംഭാവന കായിക രംഗത്തിന്റേതാണ്.
ഇന്നത്തെ അവസ്ഥയില്‍ കായിക വ്യവസായ മേഖലയുടെ തിരിച്ചുവരവിന് സമയമെടുക്കും. ആഘോഷമാക്കാന്‍ ലോകം കാത്തിരുന്ന ടോക്കിയോ ഒളിംപിക്‌സ് 2021 ലേക്ക് മാറ്റിവയ്‌ക്കേണ്ടി വന്നതിലൂടെ ജപ്പാന്‍ നേരിടുന്നത് കടുത്ത സാമ്പത്തിക തിരിച്ചടിയാണ്. കോപ അമേരിക്ക, യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജൂണ്‍ 29ന് തുടങ്ങേണ്ട വിംബിള്‍ഡണ്‍ ഉപേക്ഷിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വിംബിള്‍ഡണ്‍ ചരിത്രത്തിലെ ആദ്യ സംഭവം. ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര ഒഴിച്ചുനിര്‍ത്തിയാല്‍ ഏകദിന, ടെസ്റ്റ് പരമ്പരകളും ടി - 20 പോരാട്ടങ്ങളുമില്ലാതെ ക്രിക്കറ്റ് മൈതാനങ്ങളെല്ലാം നിശ്ചലമാണ്. അത്‌ലറ്റിക് സ്‌റ്റേഡിയങ്ങളില്‍ സിന്തറ്റിക്കിന് തീപ്പടര്‍ത്തുന്ന പോരാട്ടങ്ങളും നിലച്ചിരിക്കുന്നു. ശാരീരിക അകലത്തിലേക്ക് പറിച്ചെറിയപ്പെട്ട കായിക താരങ്ങള്‍ സ്വയംതീര്‍ത്ത നിയന്ത്രണവലയത്തിനുള്ളില്‍ ശാരീരികക്ഷമത നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. മുഖക്കച്ചയ്ക്കുള്ളില്‍ നിരാശകളെയും പ്രതിസന്ധികളെയും ഒളിപ്പിച്ചുനിര്‍ത്തിയ കാലത്തിലൂടെ തന്നെയാണ് കായികമേഖലയുടെ സഞ്ചാരവും. ഇനിയെത്ര കാലം പരീക്ഷണ ട്രാക്കിലൂടെ സഞ്ചരിക്കേണ്ടി വരും.
ആറ് ദിവസം മുന്‍പ് ഇന്ത്യയുടെ അതിവേഗ താരം ദ്യുതി ചന്ദ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു ചിത്രം പങ്കുവച്ച് കുറിപ്പിട്ടിരുന്നു. നമ്മുടെ കായികതാരങ്ങള്‍ക്ക് കൊവിഡ് സമ്മാനിച്ച പ്രതിസന്ധിയുടെ ആഴമായിരുന്നു ദ്യുതിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിവാക്കപ്പെട്ടത്. തന്റെ ബി.എം.ഡബ്ല്യു 3 സീരിസ് മോഡല്‍ ലക്ഷറി കാര്‍ വില്‍പനയ്ക്ക് വെച്ചാണ് ദ്യുതി ചന്ദ് പ്രതിസന്ധി തുറന്നുകാട്ടിയത്. ടോക്കിയോ ഒളിംപിക്‌സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിന് പണമില്ലാതെ വന്നതോടെയാണ് ഇന്ത്യയുടെ വേഗപ്പറവ തന്റെ ലക്ഷറി കാര്‍ വില്‍ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെ കളിക്കളത്തിലെ മികവ് സമ്മാനിച്ചതാണ് ദ്യുതിക്ക് ആ ലക്ഷറി കാര്‍. പരിശീലനത്തിനായി ദ്യുതിയുടെ പ്രതിമാസ ചെലവ് അഞ്ച് ലക്ഷമാണ്. പരിശീലനം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ സ്‌പോണ്‍സര്‍മാര്‍ വേണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്‌പോണ്‍സര്‍മാരെ കിട്ടാനില്ല. സാമ്പത്തികനില തകരാറിലായ സര്‍ക്കാരുകളുടെ പിന്തുണയും കാര്യമായിട്ടില്ല. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും മുഖം തിരിച്ചുനില്‍ക്കുന്നിടത്ത് ദ്യുതിയെ പോലെ കരളുറപ്പിന്റെ ബലത്തില്‍ മാത്രം ഇന്ത്യന്‍ കായിക രംഗത്തിന്റെ നെറുകയിലേക്ക് ഓടിക്കയറിയ താരങ്ങള്‍ക്ക് ഇതല്ലാതെ മറ്റുമാര്‍ഗങ്ങളെന്ത്. ഒരു ദ്യുതിയുടെ മാത്രം കൊവിഡ് കാല അവസ്ഥയല്ലിത്. ഓരോ കായികതാരവും നേരിടുന്ന പ്രതിസന്ധിയുടെ നേര്‍ചിത്രം. മൈതാനങ്ങളില്‍ ഇറങ്ങി താരങ്ങള്‍ പരിശീലനംനടത്തിയിട്ട് നാളുകളായി. ശാരീരികമായും മാനസികമായും കരുത്ത് നേടിയാല്‍ മാത്രമേ മികവ് നിലനിര്‍ത്താനാവൂ.
ദേശാന്തരങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നൊരു വ്യവസായ സാമ്രാജ്യം കൂടിയാണ് കളിയും കളിക്കളങ്ങളും. ജര്‍മന്‍ ബുന്ദസ് ലീഗയുടെ കാര്യം തന്നെയെടുക്കാം. കൊവിഡ് ജര്‍മന്‍ ഫുട്‌ബോള്‍ വ്യവസായത്തിന് സമ്മാനിച്ചത് 750 ദശലക്ഷം യൂറോയുടെ നഷ്ടമാണ്. 2019ല്‍ ബുന്ദസ് ലീഗയിലെ മുന്‍നിര ക്ലബുകളില്‍ നിന്ന് 4.6 ബില്യണ്‍ യൂറോയുടെ വരുമാനമുണ്ടായിരുന്നു. 36 പ്രമുഖ ക്ലബുകള്‍ 2019ല്‍ ജര്‍മന്‍ സര്‍ക്കാരിന് നികുതിയായി മാത്രം നല്‍കിയത് 1.28 ബില്യണ്‍ യൂറോ ആയിരുന്നു. കൊവിഡ് ഉയര്‍ത്തുന്ന മരണഭീതിയിലും ബുന്ദസ് ലീഗ അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ നടത്തുന്നത് ഇത്തരം വരുമാനങ്ങള്‍ നിലയ്ക്കാതിരിക്കാന്‍ കൂടിയാണ്. ഡോളറിലും യൂറോയിലും ലാഭത്തിന്റെ ഗോളടിച്ചുകൂട്ടിയിരുന്ന ഫുട്‌ബോള്‍ വ്യവസായത്തെ നഷ്ടത്തിന്റെ വലക്കണ്ണികള്‍ മുറുകുന്നുണ്ട്. കൊവിഡാനന്തരം മാത്രമേ കനത്ത വെല്ലുവിളികളെ മറികടന്നും പിടിച്ചുനിന്നവര്‍ ആരൊക്കെയെന്ന് വ്യക്തമാകൂ.
പ്രാദേശിക ലീഗുകള്‍ മുതല്‍ ലോകത്തെ മുന്‍നിര ലീഗുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. പന്തുകളുടെ ചലനം നിലച്ചപ്പോള്‍ ഫുട്‌ബോളിനെ ആശ്രയിക്കുന്നവരുടെ ജീവിതവും വഴിമുട്ടുകയാണ്. താരങ്ങളും പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫും തുടങ്ങി മൈതാനങ്ങള്‍ക്ക് പുറത്തെ കടല വില്‍പ്പനക്കാര്‍ വരെ പ്രതിസന്ധിയിലായ കാലം. കൊവിഡ് പശ്ചാത്തലത്തില്‍ താരങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള മാറ്റങ്ങള്‍ ഫെഡറേഷനുകള്‍ നടപ്പാക്കുന്നുണ്ട്. സര്‍ക്കാരുകളും ലോകാരോഗ്യ സംഘടനയും പ്രാദേശിക ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമേ കളിക്കളങ്ങള്‍ ഇനി ഉണരൂ. ഇന്ത്യയില്‍തന്നെ ക്രിക്കറ്റ് ഒഴികെ എല്ലാ കായികമേഖലയിലും സാമ്പത്തിക പ്രതിസന്ധിയുടെ തിരിച്ചടി കനത്തതാവും. ലോക ക്രിക്കറ്റിലെ ആഗോളവരുമാനത്തിന്റെ 40 ശതമാനവും സംഭാവന നല്‍കുന്ന ഐ.പി.എല്‍ അനിശ്ചിതത്വത്തിന്റെ നടുവിലാണ്. ഐ.പി.എല്‍ ഉപേക്ഷിക്കപ്പെട്ടാല്‍ 3000 കോടിയുടെ നഷ്ടമാണ് സംഭവിക്കുക. ബി.സി.സി.ഐയ്ക്ക് പുറമേ ഐ.പി.എല്‍ ഫ്രാഞ്ചൈസികളും ബ്രോഡ്കാസ്റ്റര്‍മാരുമാണ് തിരിച്ചടി നേരിടേണ്ടിവരിക.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് (ഐ.എസ്.എല്‍) വരാനിരിക്കുന്ന സീസണ്‍ കടുത്തതാണ്. പുതിയ സീസണിലേക്കുള്ള വമ്പന്‍ താരവേട്ട ഒരു ക്ലബും നടത്താന്‍ മുന്നിട്ടിറങ്ങിയിട്ടില്ല. നിലവിലുള്ള താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ ഉണ്ടാകുമെന്നുറപ്പ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഗോവയില്‍ മാത്രമായി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒതുങ്ങും. കാണികളില്ലാതെ അടച്ചിട്ട സ്‌റ്റേഡിയങ്ങളിലാവും മത്സരങ്ങള്‍. ഐ ലീഗിന്റെ സ്ഥിതി എന്താകുമെന്നത് കണ്ടറിയണം. കൊല്‍ക്കത്ത വേദിയാക്കാനുള്ള ആലോചനകളിലാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. കൊവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക തകര്‍ച്ചയുടെ പ്രകമ്പനം കായിക മേഖലയിലെ പ്രാദേശിക ടൂര്‍ണമെന്റുകളെയും കാര്യമായി തന്നെ ബാധിക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായി സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ക്ലബുകളും സംഘാടകരും സ്‌പോണ്‍സര്‍മാരുമൊക്കെ നിര്‍ബന്ധിതരാവുന്ന കാലത്ത് കായികവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പ്രതിസന്ധി പ്രകമ്പനം സൃഷ്ടിക്കും.
അത്‌ലറ്റിക്‌സില്‍ പുതിയ താരോദയങ്ങളുടെ കളിത്തട്ടായ സ്‌കൂള്‍ കായികോത്സവങ്ങളും ഇത്തവണ പ്രതിസന്ധിയിലാണ്. പുതിയ അധ്യയന വര്‍ഷം ഒരു ദിവസം പോലും സ്‌കൂളുകള്‍ തുറക്കാനായിട്ടില്ല. സമ്പര്‍ക്ക വ്യാപനത്തിലൂടെ കേരളം കടന്നുപോകുമ്പോള്‍ അടുത്തകാലത്തൊന്നും സ്‌കൂളുകള്‍ തുറക്കുമെന്ന പ്രതീക്ഷയുമില്ല. ഈ വര്‍ഷം സ്‌കൂള്‍ കായിക മേളകള്‍ നടക്കുമെന്നതിന് ഉറപ്പില്ല. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളെല്ലാം തന്നെ താഴിട്ടുപൂട്ടിയിരിക്കുന്നു. താരങ്ങളെല്ലാം വീടിന്റെ അകത്തളങ്ങളിലാണ്. പരിശീലകരില്‍ നിന്നകന്നുപോയ താരങ്ങള്‍ സുരക്ഷിത അകലത്തില്‍ കൊച്ചു കൊച്ചു പരിശീലനങ്ങളുമായി കഴിയുകയാണ്. ഒളിംപിക്‌സ് ലക്ഷ്യമിട്ടു ദേശീയ ക്യാംപുകളില്‍ കഴിയുന്നവരുടെ സ്ഥിതിയും വിഭിന്നമല്ല. പട്യാലയിലെയും ബംഗളൂരുവിലെയും ഉള്‍പ്പെടെ സായി കേന്ദ്രങ്ങളിലെ ഹോസ്റ്റല്‍ മുറികളില്‍ അടച്ചിടലിന്റെ മാനസിക സമ്മര്‍ദവുമായി കഴിയുകയാണ് താരങ്ങള്‍. മുറികളില്‍ ഒതുങ്ങുന്ന വ്യായാമങ്ങള്‍ക്കപ്പുറം ഒന്നും ചെയ്യാനാവുന്നില്ല. വര്‍ഷങ്ങള്‍ നീളുന്ന കഠിധ്വാനത്തിലൂടെ നേടിയ കായിക ശാരീരികക്ഷമത നിലര്‍ത്താന്‍ രാജ്യത്തെ സീനിയര്‍ അത്‌ലറ്റുകള്‍ പോലും അത്യധ്വാനത്തിലാണ്.
രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളും ഒളിംപിക്‌സും ലക്ഷ്യമിട്ടിരുന്ന അത്‌ലറ്റുകള്‍ക്ക് കൊവിഡ് സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരിതം തന്നെയാണ്. കളിക്കളങ്ങള്‍ ഉണരും കാലംവരെ പോരാട്ടവീര്യവും ശാരീരികക്ഷമതയും നിലനിര്‍ത്തുകയെന്ന വലിയ വെല്ലുവിളിയാണ് അവര്‍ക്ക് മുന്നിലുള്ളത്. അതിനിടയിലാണ് സ്‌പോണ്‍സര്‍ഷിപ്പ് ഉയര്‍ത്തുന്ന ഭീഷണികള്‍. മിക്കതാരങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ കാലാവധി ഈ ജൂലൈയില്‍ അവസാനിക്കുകയാണ്. പ്രമുഖ കമ്പനികളെല്ലാം തന്നെ ചെലവു ചുരുക്കലിന്റെ പാതയിലായതോടെ മുന്‍നിര താരങ്ങളില്‍തന്നെ എത്ര പേര്‍ക്ക് ഇനിയും സ്‌പോണ്‍സര്‍മാരെ ലഭിക്കുമെന്നത് കണ്ടറിയണം. ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്തയും ശുഭകരമല്ല. ഒളിംപിക്‌സ് വര്‍ഷത്തില്‍ രാജ്യത്തെ 54 കായിക ഫെഡറേഷനുകളുടെ അംഗീകാരം കേന്ദ്ര കായിക മന്ത്രാലയം റദ്ദാക്കി. സുതാര്യമല്ലാത്ത പ്രവര്‍ത്തനത്തിന്റെ പേരില്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഫെഡറേഷനുകളുടെ അംഗീകാരം റദ്ദാക്കപ്പെട്ടത്. ദേശീയ കായിക ചട്ടം പാലിക്കാത്തത് ഫെഡറേഷനുകള്‍ക്ക് തിരിച്ചടിയായി. കേന്ദ്രത്തില്‍നിന്ന് ധനസഹായം ഇനി ഫെഡറേഷനുകള്‍ക്ക് ലഭിക്കില്ല. ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരുന്നതും കായികതാരങ്ങള്‍ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."