പച്ചക്കറി വില കുതിക്കുന്നു, ഇഞ്ചിക്കും നാരങ്ങയ്ക്കും വില നൂറ് കവിഞ്ഞു
കൊച്ചി:വേനല്‍ ചൂടിനൊപ്പം പച്ചക്കറി വിലയും കുതിച്ചുയരുന്നു. ചുട്ടുപൊള്ളുന്ന വെയിലില്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങിയതും പച്ചക്കറിക്ക് ആവശ്യക്കാര്‍ ഏറിയതുമാണ് വില കുത്തനെ ഉയരാന്‍ കാരണം.
ബീന്‍സ്,പച്ചമുളക്, തക്കാളി,ചെറുനാരങ്ങ, വെണ്ടക്ക,പയര്‍,മത്തങ്ങ,കുമ്പളങ്ങ തുടങ്ങിയവയ്‌ക്കെല്ലാം വില ഇരട്ടിയിലധികമായാണ് വര്‍ധിച്ചിരിക്കുന്നത്. വിഷുവിന് കണികണ്ടുണരാന്‍ വെള്ളരി എത്തിയിട്ടുണ്ടെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില ഇരട്ടിയായിട്ടുണ്ട്.വരും ദിവസങ്ങളില്‍ കൂടുതല്‍ ലോഡ് എത്തുന്നതോടെ കണിവെള്ളരിയുടെ വില അല്‍പം കുറഞ്ഞേക്കുമെന്നും സൂചനയുണ്ട്. മല്ലിയില,പുതീന തുടങ്ങിയവയെ ചൂട് കൂടുതല്‍ ബാധിച്ചതിനാല്‍ ഇവയ്ക്കും പൊള്ളുന്ന വിലയാണ്. കഴിഞ്ഞമാസം കിലോയ്ക്ക് 50രൂപയുണ്ടായിരുന്ന മല്ലിയിലയ്ക്ക് ഇന്നലെ ചില്ലറ വിപണിയില്‍ വില 120രൂപയായിരുന്നു. മൊത്തവിപണിയിലെ വില 40 എന്നത് എണ്‍പതായി ഉയര്‍ന്നിട്ടുണ്ട്. ഇഞ്ചി,ചെറുനാരങ്ങ എന്നിവയും തൊട്ടാല്‍ പൊള്ളും. ചൂട് കാലത്ത് ചെറുനാരങ്ങയ്ക്ക് ആവശ്യക്കാര്‍ ഏറെയായതാണ് വില കുത്തനെ ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ആന്ധ്ര,കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ് ചെറുനാരങ്ങ കൂടുതലായും വരുന്നത്. എന്നാല്‍ ഇവിടങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ കേരളത്തിലേക്കുള്ള വരവും കുറഞ്ഞു.
ചില്ലറ വിപണിയില്‍ ഒരുകിലോയ്ക്ക് 60രൂപയുണ്ടായിരുന്ന നാരങ്ങയ്ക്ക് ഇന്നലെ 100 രൂപയാണ് വില.മൊത്തവിപണിയില്‍ വില 40 രൂപയില്‍നിന്ന് 70 രൂ പയായി ഉയര്‍ന്നു. സാധരണക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബീന്‍സ്, ക്യാരറ്റ്, പയര്‍, മത്തങ്ങ, കുമ്പളങ്ങ എന്നിവയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ചില്ലറ വിപണിയില്‍ ബീന്‍സിന്റെ വില കിലോയ്ക്ക് 120 ആയും പച്ചമുളകിന് 80 ആയും വെണ്ടയ്ക്കക്ക് 50ആയും കാരറ്റിനും ബീറ്റ്‌റൂട്ടിനും 60 വീതമായും ഉയര്‍ന്നിട്ടുണ്ട്. ചൂട് കൂടുതല്‍ ബാധിച്ചതിനാല്‍ ക്യാപ്‌സികം ഉല്‍പാദനവും കുറഞ്ഞിട്ടുണ്ട്. ഇതേതുടര്‍ന്ന് ചില്ലറ വിപണിയില്‍ 100 രൂപയായും മൊത്ത വിപണിയില്‍ 75 രൂപയായും ഇതിന്റെ വില ഉയര്‍ന്നിട്ടുണ്ട്. എല്ലാത്തരം കറിവിഭവങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കുന്ന തക്കാളിക്കും പൊള്ളുന്ന വിലയാണ്. മൊത്ത വിപണിയില്‍ ഒരു പെട്ടി തക്കാളി എത്തിയിരുന്നത് 650 രൂപയ്ക്കായിരുന്നെങ്കില്‍ ഇപ്പോള്‍ വില ആയിരം രൂപയാണ്.
ചൂട് കൂടിയതോടെ മിക്കവരും പച്ചക്കറി വിഭവങ്ങളിലേക്ക് മാറിയതും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുടെ വരവ് കുറഞ്ഞതും വില കുത്തനെ ഉയരാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആവശ്യക്കാര്‍ ഏറെയാണെങ്കിലും ലോഡ് എത്തുന്നത് കുറവായതിനാല്‍ വിപണിയ്ക്കും തിരിച്ചടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."