നിരീക്ഷണത്തിലും ചികിത്സയിലുമിരിക്കെ ഇതുവരെ ജീവനൊടുക്കിയത് 11 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലുമിരിക്കെ ഇതുവരെ ആത്മഹത്യ ചെയ്തത് 11 പേര്‍. മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചവര്‍ക്ക് പുറമേ ഒറ്റപ്പെടുത്തലില്‍ മനം നൊന്ത് ജീവനൊടുക്കിയവരും ദുരൂഹമായ മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം മൂന്നുപേരാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആത്മഹത്യ ചെയ്തവരുടെ പിന്നാമ്പുറത്തേക്കുള്ള അന്വേഷണം ചെന്നെത്തിക്കുന്നത് കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിലുള്ള അപര്യാപ്തതയിലേക്കാണ്.
തിരുവനന്തപുരം നെടുമങ്ങാട് ബാര്‍ട്ടണ്‍ഹില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നെടുമങ്ങാട് സ്വദേശി താഹ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നപ്പോള്‍ മാനസികസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. താഹയുടെ മറവിരോഗമുള്ള പിതാവ് പലപ്പോഴും വീടിന് പുറത്തേക്ക് ഇറങ്ങുന്നത് നാട്ടുകാര്‍ എതിര്‍ത്തതും ബന്ധുക്കളെ നിസ്സഹായരാക്കി. നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുമ്പോള്‍ മാനസിക പിന്തുണ ആവശ്യമുള്ള രോഗിയാണെന്ന് അധികൃതരെ അറിയിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ താഹ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പിന്നീട് ബന്ധുക്കളറിയുന്നത് . തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ മരണമടഞ്ഞു. മരണത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മെഡിക്കല്‍ കോളജിലെ നിരീക്ഷണ വാര്‍ഡില്‍ തൂങ്ങിമരിച്ച കൊല്ലം സ്വദേശി സൈഫുദ്ദീന്റെ മരണം ദുരൂഹമായി തുടരുകയാണ്. വാരിയെല്ലും തോളെല്ലും പൊട്ടിയ നിലയിലായിരുന്ന സൈഫുദ്ദീന്‍ എങ്ങനെ തൂങ്ങിമരിക്കുമെന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി ഇവര്‍ പൊലിസിന് പരാതിയും നല്‍കി. ഇതിന് മുന്‍പ് മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത രണ്ടു രോഗികള്‍ക്കും ആവശ്യമായ ശ്രദ്ധ കിട്ടിയില്ലെന്ന പരാതിയുമുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും നിരീക്ഷണത്തിലുണ്ടായിരുന്ന ഓരോരുത്തര്‍ വീതം ആത്മഹത്യ ചെയ്തിരുന്നു. നിരീക്ഷണത്തിലുള്ളയാളുടെ സമ്പര്‍ക്കത്തിലുള്ളവരുമായി അടുത്തിടപഴകിയെന്ന് പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കണ്ണൂരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിഷാദം, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ നേരിടുന്നവരില്‍ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്. ചെറിയ ശ്രദ്ധക്കുറവുപോലും അങ്ങനെയുള്ളവരെ അപകടത്തിലേക്കെത്തിക്കുമെന്നാണ് മാനസികാരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രൊഫഷനലായ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് രോഗികള്‍ക്ക് ലഭ്യമാക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."