ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്
കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക് ജയം. ഇവരുടെ 11 അംഗ പാനൽ എല്ലാ സീറ്റിലും വിജയിച്ചു.വിജയിച്ച പാനലിൽ നാല് പേർ സിപിഎമ്മിൽ നിന്നും ഏഴ് പേർ കോൺഗ്രസ് വിമതരുമാണ്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് ഇവർ മത്സരിച്ചത്. ജിസി പ്രശാന്ത് കുമാറിനെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇദ്ദേഹമാണ് ബാങ്കിലെ നിലവിലെ പ്രസിഡൻ്റ് സ്ഥാനം വഹിച്ചിരുന്നത്. കോൺഗ്രസിനകത്തെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിൽ വിമതർ സിപിഎമ്മിനൊപ്പം ചേർന്ന് മത്സരിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് ബാങ്ക് തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ മുതൽ പ്രശ്നങ്ങളും തുടങ്ങിയിരുന്നു. കള്ളവോട്ട് സംബന്ധിച്ചായിരുന്നു പരാതി ഉയർന്ന് തുടങ്ങിയത്. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾക്ക് തുടക്കമിട്ടിരുന്നു. വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെ വിവിധ ഇടങ്ങളിൽ ആക്രമണങ്ങൾ നടന്നു.
സഹകരണ വകുപ്പിന്റെയും പൊലിസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എംകെ രാഘവൻ എംപി ആരോപണം ഉയർത്തി.ഇതിനെതിരെ വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചും മറ്റും കോൺഗ്രസാണ് കള്ളവോട്ടിന് നേതൃത്വം നൽകുന്നതെന്ന് സിപിഎമ്മും മറു ആരോപണം ഉന്നയിച്ചു. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോൺഗ്രസ് - സിപിഎം പ്രവർത്തകർ പലവട്ടം കയ്യാകളിയിലേർപ്പെട്ടു. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യുഡിഎഫ് നേതാക്കൾ കോഴിക്കോട് വാർത്താസമ്മേളനം നടത്തി ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."