നിര്‍മാണ ചെലവു വര്‍ധിച്ചു; മണ്‍പാത്രങ്ങള്‍ പൊള്ളുന്നു
കണ്ണൂര്‍: വീടുകളില്‍ സ്വീകാര്യതയേറിയെങ്കിലും ഭീമമായ നിര്‍മാണ ചെലവ് മണ്‍പാത്ര വ്യവസായത്തെ തളര്‍ത്തുന്നു. ജീവിതശൈലീ രോഗങ്ങളും ഗുരുതരമായ ഉദരരോഗങ്ങളും തടയിടാന്‍ മണ്‍പാത്രങ്ങളുടെ ഉപയോഗത്തിലൂടെ കഴിയുമെന്ന പഠനങ്ങളാണ് ഈ മേഖലയെ ജനപ്രിയമാക്കുന്നത്. ഇതുകൂടാതെ
പാരമ്പര്യ രീതിയിലുള്ള ഭക്ഷണക്രമത്തിലേക്ക് മടങ്ങാനുള്ള പ്രവണതയും മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ രുചി കൂടുമെന്ന വിശ്വാസവും ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഭക്ഷണം വിളമ്പാനും വെള്ളം സംഭരിക്കാനും മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരേറുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തങ്ങള്‍ പ്രയാസപ്പെടുകയാണെന്ന് മണ്‍പാത്ര നിര്‍മാണക്കാര്‍ പറയുന്നു. തലമുറകള്‍ കൈമാറിക്കിട്ടിയ പരമ്പരാഗത തൊഴില്‍ നിലനിര്‍ത്താന്‍ നഷ്ടം സഹിച്ചും ജോലി ചെയ്യുകയാണിവര്‍.
60 രൂപ മുതല്‍ 120 രൂപ വരെ വിലയുള്ള ചട്ടികളും കലങ്ങളുമാണ് വില്‍ക്കുന്നത്. കളിമണ്ണിന്റെ ദൗര്‍ലഭ്യമാണ് പ്രധാന പ്രശ്‌നം. ഒരു ട്രാക്ടര്‍ മണ്ണിന് 3,500 രൂപയാണ് വില. അത് ചൂളയില്‍ എത്തിക്കുമ്പോഴേക്കും 12,500 രൂപ വരെ ചെലവാകും. ചൂള വയ്ക്കാന്‍ ചകിരി, വിറക് എന്നിവ വേറെയും വാങ്ങണം. ഒരു ചൂളയില്‍ 200 എണ്ണം വരെ വയ്ക്കും. ചിലപ്പോള്‍ പകുതിയിലേറെയും നശിച്ചുപോകും. മണ്ണ് അരച്ച് പാകപ്പെടുത്തി ചൂളയില്‍ വച്ച് ചുട്ടെടുക്കുകയാണ് പതിവ്. അരവ് കൃത്യമായില്ലെങ്കില്‍ പാത്രങ്ങള്‍ക്ക് ചോര്‍ച്ച വരും. മണ്ണ് ചവിട്ടി കുഴച്ച് പാകപ്പെടുത്താന്‍ കഠിനാധ്വാനം തന്നെ വേണം. മീന്‍ചട്ടി, കൂജ, ഫില്‍ട്ടര്‍, തൂക്ക്മണി, പുട്ട്കുറ്റി, കുപ്പി, ഭരണി തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. കറി ചട്ടികള്‍ക്കാണ് ആവശ്യക്കാരേറെ. സര്‍ക്കാര്‍ സഹായിക്കുകയാണെങ്കില്‍ മാത്രമേ ഈ കുലത്തൊഴില്‍ മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നാണ് ഇവര്‍ പറയുന്നത്.
ജില്ലയില്‍ തലശേരി പെരുന്താറ്റില്‍ ഭാഗത്താണ് മണ്‍പാത്രങ്ങള്‍ കൂടുതല്‍ നിര്‍മിക്കുന്നത്. കടകളിലെത്തുന്നതില്‍ കൂടുതല്‍ പാലക്കാടു നിന്നാണ്. പാലക്കാടന്‍ കലങ്ങള്‍ക്കു വിലകുറവാണെങ്കിലും ഗുണം കുറയും. എന്നാല്‍ നാടന്‍ പാത്രങ്ങള്‍ മൂശയില്‍ കൃത്യമായി വേവിച്ചെടുത്ത് നല്ല ഉറപ്പോടെയാണ് വില്‍പന നടത്തുന്നത്. ആഘോഷ വേളകളില്‍ നഗരങ്ങളില്‍ നടത്തുന്ന മേളകളിലാണ് മണ്‍പാത്ര വ്യവസായം അല്‍പമെങ്കിലും പച്ചപിടിക്കുന്നത്. എന്നാല്‍ ഈ മേഖലയ്ക്കു സര്‍ക്കാര്‍ കാര്യമായ സഹായമൊന്നും നല്‍കുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."