പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും പാതയോരത്തെ മാലിന്യം നീക്കാന്‍ നടപടിയില്ല
ഫറോക്ക്: ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ഡിഫ്തീരിയയുമടങ്ങുന്ന പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും ചെറുവണ്ണൂര്‍-നല്ലളം മേഖലയില്‍ മാലിന്യം പരന്നൊഴുകുന്നു. ദേശീയപാതയോരത്തെ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ കോര്‍പറേഷന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇവിടെ മാസങ്ങളായി കൂട്ടിയിട്ട മാലിന്യം ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം പരക്കുകയാണ്.
ദേശീയപാത നല്ലളം ഡീസല്‍ വൈദ്യുതി നിലയം മുതല്‍ പൊലിസ് സ്റ്റേഷന്‍ വരെയുള്ള പാതയോരത്തു മാലിന്യം ചിതറിക്കിടക്കുകയാണ്. വീടുകളില്‍ നിന്നും മറ്റുമുള്ള അടുക്കളമാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളുമുള്‍പ്പെടെയുള്ള മാലിന്യം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞു പാതയോരത്തു തള്ളുകയാണ്. രാവിലെ പ്രഭാതസവാരിക്കിറങ്ങുന്നവരാണു പാതയോരത്തു മാലിന്യം കൊണ്ടിടുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അടുത്തിടെ ഡെങ്കിപ്പനി ബാധിച്ചു മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ താമസസ്ഥലം ഇതിനു തൊട്ടടുത്തായിരുന്നു. ചെറുവണ്ണൂര്‍, നല്ലളം മേഖലയില്‍ രണ്ടു മാസത്തിനിടെ മഞ്ഞപ്പിത്തവും വയറിളക്കവും ബാധിച്ചു നിരവധി ആശുപത്രി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡിഫ്തീരിയ ബാധിച്ച് 13കാരന്‍ മരിച്ചതും മേഖലയിലാണ്.
ദേശീയപാതയോരത്തും വഴികളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ ആക്ഷേപിക്കുന്നു. പാതയോരത്തു നിര്‍ത്തിയിടുന്ന ചരക്കുലോറികളിലെ ഡ്രൈവര്‍മാര്‍ ഭക്ഷണം പാകം ചെയ്യുന്നതിന്റെ അവശിഷ്ടങ്ങളും റോഡില്‍ തള്ളുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാന്‍ കോര്‍പറേഷന്‍ അടിയന്തര നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."