തെരഞ്ഞെടുപ്പ് കമ്മിഷനെ ഭയക്കേണ്ട
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ തുടങ്ങുന്നതിനുമുന്‍പ് കാണിച്ചിരുന്ന സൗഹൃദം ഇപ്പോള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാണിക്കുന്നില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇതേത്തുടര്‍ന്ന് പ്രചാരണ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ കര്‍ശന നിര്‍ദേശങ്ങളെ ഭയക്കേണ്ടതില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്നതെന്തും നിര്‍ഭയത്വത്തോടെ പറയാം. കമ്മിഷന്റെ ഇടപെടലുകളെ അതത് സാഹചര്യങ്ങള്‍ക്കനുസരിച്ച് നേരിടാമെന്നുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി കേരളത്തില്‍ ശബരിമലവിഷയം ശക്തമായി പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ്‌ഗോപി കമ്മിഷന്റെ വിലക്കുണ്ടായിട്ടും അയ്യപ്പനെ പരാമര്‍ശിച്ച് പ്രസംഗിച്ചത് പാര്‍ട്ടിയുടെ ശക്തമായ പിന്തുണയിലാണ്. ഈ വിഷയത്തില്‍ കമ്മിഷന്റെ പ്രതികരണങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മറ്റ് നേതാക്കള്‍ രംഗത്തെത്തിയതും പാര്‍ട്ടിനയത്തിന്റെ ഭാഗമായാണ്.
പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് വേണ്ടി പ്രചരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളിലെ അനൗണ്‍സ്‌മെന്റ് പോലും ശബരിമലയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതേ നിലപാട് തന്നെയാണ് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടപ്പില്‍വരുത്തുന്നത്. പ്രചാരണവിഷയങ്ങളില്‍ കമ്മിഷന്‍ ഇടപെട്ടാലും തങ്ങളുടെ പ്രചാരണപരിപാടികളില്‍ മാറ്റംവരുത്തേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. നേരത്തെ ദൂരദര്‍ശന് വേണ്ടി തയാറാക്കിയിരുന്ന മോദിസര്‍ക്കാരിന് അനുകൂലമായ പരിപാടികള്‍ ഇനി ചാനലില്‍ പ്രക്ഷേപണം ചെയ്യില്ല. പകരം ഇവ പ്രചാരണത്തിനായി നവമാധ്യമങ്ങളിലൂടെ ഉപയോഗിക്കും. നമോ ചാനലിന് താല്‍ക്കാലിക നിരോധനം വന്ന സാഹചര്യത്തില്‍ ഈ ചാനലില്‍ പ്രക്ഷേപണം ചെയ്യാന്‍ തയാറാക്കിയ പരിപാടികളും അടുത്തദിവസങ്ങളില്‍ പ്രചാരണത്തിനായി ഉപയോഗിക്കും.
പ്രമുഖ ഡി.ടി.എച്ച് ശൃംഖലകള്‍ വഴി കഴിഞ്ഞ മാസം 31 മുതലാണ് നമോ ടി.വി സംപ്രേഷണം ആരംഭിച്ചിരുന്നത്. ട്വിറ്റര്‍ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതിന്റെ സമര്‍പ്പണം നിര്‍വഹിച്ചത്.
മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, റാലികള്‍, ബി.ജെ.പി നേതാക്കളുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവയാണ് പ്രക്ഷേപണത്തിനായി തയാറാക്കിയിരുന്നത്. ദൂര്‍ദര്‍ശനെ ബി.ജെ.പി തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആരോപണവിധേയമായ പരിപാടികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബി.ജെ.പി തല്‍ക്കാലം പിന്മാറിയെങ്കിലും അവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ 'മേംഭി ചൗക്കിദാര്‍' എന്ന പരിപാടി യൂട്യൂബിലൂടെ ഇപ്പോള്‍ മികച്ച രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. കൂടാതെ ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തുന്ന സ്വകാര്യ ടെലിവിഷന്‍ ചാനലുകളില്‍ നമോ ലോഗോയും സ്ഥിരമായി കാണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."