ജെ.ഡി.യു-ആര്.ജെ.ഡി ലയനത്തിനായി പ്രശാന്ത് കിഷോര്‍ സമ്മര്‍ദം ചെലുത്തിയതായി റാബ്രി ദേവി
പട്ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ വിവാദത്തിന് തിരികൊളുത്തി മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിയുടെ വെളിപ്പെടുത്തല്‍.
ജെ.ഡി.യു ഉപാധ്യക്ഷനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ ആര്.ജെ.ഡിയുമായി ലയിക്കാനുള്ള ശുപാര്‍ശയുമായി ലാലുപ്രസാദ് യാദവിനെ സമീപിച്ചിരുന്നുവെന്നാണ് അവര്‍ വെളിപ്പെടുത്തിയത്.
ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ്കുമാറിന്റെ നിര്‍ദേശ പ്രകാരം അഞ്ചു തവണയാണ് പ്രശാന്ത് കിഷോര്‍ ലാലുവിനെ സന്ദര്‍ശിച്ചതെന്നും റാബ്രി ദേവി വ്യക്തമാക്കി.
ഇക്കാര്യം പ്രശാന്ത് കിഷോര്‍ നിരസിക്കുകയാണെങ്കില്‍ കള്ളം പറയാന്‍ ഒട്ടും മടിയില്ലാത്തവനായി വ്യാഖ്യാനിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. വിഷയം അറിഞ്ഞതോടെ അദ്ദേഹത്തോട് ഇറങ്ങിപ്പോകാന്‍ താന്‍ ആവശ്യപ്പെട്ടതായും പ്രശാന്ത് കിഷോറിനെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും താന്‍ വ്യക്തമാക്കിയതായും റാബ്രി ദേവി പറഞ്ഞു.
ബിഹാറില്‍ മഹാസഖ്യം രൂപീകരിച്ച് ഭരണത്തിലിരിക്കെ 2017ലാണ് സഖ്യം വിച്ഛേദിച്ച് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയത്. താന്‍ പറഞ്ഞത് കള്ളമാണെങ്കില്‍ പ്രശാന്ത് കിഷോര്‍ ചര്‍ച്ചക്കായി വന്നപ്പോള്‍ അതിന്റെ സാക്ഷികളായി സുരക്ഷാ ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗിക ജീവനക്കാരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."