ഡിജിറ്റല്‍ ഫാം ജേണലിസം സംസ്ഥാന ശില്‍പശാല 17ന് തൃശൂരില്‍
തൃശൂര്‍ : സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള ഫാം ഇന്‍ഫോര്‍മേഷന്‍ ബ്യൂറോയും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള വിജ്ഞാന പോര്‍ട്ടലായ വികാസ്പീഡിയയും കേരള കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്നു നടത്തുന്ന സംസ്ഥാനതല ഏകദിന ഡിജിറ്റല്‍ ഫാം ജേണലിസം ശില്‍പശാല 17ന് തൃശൂരില്‍ നടക്കും.
രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ കാര്‍ഷിക സര്‍വകലാശാലക്കു കീഴിലെ മണ്ണൂത്തി കമ്മ്യൂനിക്കേഷന്‍ സെന്ററിലാണ് ശില്‍പശാലയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവമാധ്യമങ്ങളുപയോഗിച്ചു കേരളത്തിന്റെ കാര്‍ഷിക മുന്നേറ്റം പൊതുജനങ്ങളിലെത്തിക്കുന്നതിനും വിജയഗാഥകളും കൃഷിയും നല്ല മാതൃകകളും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരിലും എത്തിച്ചു കാര്‍ഷിക മേഖലയിലേക്കും അനുബന്ധ മേഖലയിലേക്കും കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കുക എന്നതാണ് ഡിജിറ്റല്‍ ഫാം ജേണലിസത്തിന്റെ പ്രധാന ലക്ഷ്യം.
ആദ്യഘട്ടത്തില്‍ താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തി നൂറു പേരടങ്ങുന്ന ഡിജിറ്റല്‍ ഫാം ജേണലിസ്റ്റ് കൂട്ടായ്മ രൂപീകരിക്കും. ഇവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് ചെറിയ വീഡിയോകള്‍ നിര്‍മിക്കും.
ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെയും കാര്‍ഷിക മാസികകളുടെയും വിവരങ്ങള്‍ വികാസ്പീഡിയ വഴി പ്രചരിപ്പിക്കും. 17ന് നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കുന്നവരായിരിക്കും ഡിജിറ്റല്‍ ഫാം ജേണലിസ്റ്റ് കൂട്ടായ്മയിലെ ആദ്യ അംഗങ്ങള്‍.
കാര്‍ഷിക മേഖലയിലെ ഗവേഷകര്‍, കൃഷി ഓഫിസര്‍മാര്‍, കാര്‍ഷിക പോര്‍ട്ടല്‍ റിപ്പോര്‍ട്ടര്‍മാര്‍, കാര്‍ഷിക മാസികാ പ്രതിനിധികള്‍, സോഷ്യല്‍ മീഡിയാ പ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ ഗ്രൂപ്പ് അഡ്മിന്‍മാര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രതിനിധികള്‍, വികാസ്പീഡി വളണ്ടിയര്‍മാര്‍, മൊബൈല്‍ വീഡിയോ നിര്‍മാതാക്കള്‍, കാര്‍ഷിക വിവരദാതാക്കള്‍ എന്നിവര്‍ക്കാണ് ശില്‍പശാലയില്‍ സൗജന്യ പ്രവേശനം.
ശില്‍പശാലയുടെ ഭാഗമായി ഏഷ്യാനെറ്റ് ഓണ്‍ലൈനിലെ എഡിറ്റര്‍ വരുണ്‍ രമേഷിന്റെ നേതൃത്വത്തില്‍ മൊബൈല്‍ വീഡിയോ ചിത്രീകരണവും എഡിറ്റിങിലും പരിശീലനം നല്‍കും.
താല്‍പര്യമുള്ളവര്‍ 9656347995 എന്ന നമ്പറില്‍ വികാസ്പീഡിയ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായോ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫിസുമായോ ബന്ധപ്പെടണം.
ശില്‍പശാല കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. എയ്‌സ് അപ് ജി.എസ്.ടി. സുവിധാ കേന്ദ്രങ്ങള്‍ വികാസ് പീഡിയ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും വികാസ്പീഡിയ പോര്‍ട്ടലിലെ കൃഷി ഡൊമൈനില്‍ മികച്ച സംഭാവനക്കുള്ള കാര്‍ഷിക പോര്‍ട്ടലിനുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്യും.
കെ. രാജന്‍ എം.എല്‍.എ അധ്യക്ഷനാകും. കേരള കാര്‍ഷിക സര്‍വകലാശാല വികാസ്പീഡിയ പോര്‍ട്ടലുമായുള്ള വിവര കൈമാറ്റത്തിന്റെ ഉദ്ഘാടനം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ആര്‍ ചന്ദ്രബാബു നിര്‍വഹിക്കും.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അഡിഷണല്‍ ഡയരക്ടര്‍ സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വികാസ്പീഡിയ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സി.വി ഷിബു, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസി. ഡയരക്ടര്‍ റോസ്‌മേരി, ഉപദേശകസമിതി അംഗം സി.ഡി സുനീഷ്, എയ്‌സ്അപ് മാര്‍ക്കറ്റിങ് ഹെഡ് ജൗഫര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."