കുരങ്ങിണി കാട്ടുതീക്കു കാരണം വനം ജീവനക്കാരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്
തൊടുപുഴ : 23 പേരുടെ മരണത്തിനിടയാക്കിയ കുരങ്ങിണി കാട്ടുതീക്കു വനം വകുപ്പിലെ ചില ജീവനക്കാരുടെ വീഴ്ച കാരണമായതായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഏകാംഗ കമ്മിഷന്റെ റിപ്പോര്‍ട്ട്. റവന്യു ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്യ മിശ്ര 125 പേജുള്ള റിപ്പോര്‍ട്ട് ഇന്നലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിക്കു കൈമാറി. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പഠിച്ചശേഷം നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍പെട്ടു ട്രക്കിങ് സംഘത്തിലെ 23 പേര്‍ മരിച്ചത്.
തുടര്‍ന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു.ട്രക്കിങ് സംഘത്തിലുള്ളവര്‍ക്കോ അതു സംഘടിപ്പിച്ചവര്‍ക്കോ അടിയന്തര സാഹചര്യം നേരിടാന്‍ ആവശ്യമായ പരിശീലനം ലഭിച്ചിരുന്നില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തിന്റെ വ്യാപ്തി ഇത്രയും വര്‍ധിക്കാന്‍ പ്രധാന കാരണം ഇതാണ്. സംസ്ഥാന വനം വകുപ്പിലെ ഒട്ടേറെ ഒഴിവുകള്‍ നികത്താത്തതു ട്രക്കിങ് ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിനു തടസ്സമാകുന്നുണ്ട്. ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
പരിശീലനമില്ലാതെ ട്രക്കിങ്ങിന് എത്തിയവരെ തടയുന്നതിലും അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും വനംവകുപ്പിന് വീഴ്ചയുണ്ടായി. ദുരന്തം സംഭവിച്ചപ്പോള്‍ ഇതിനോട് എളുപ്പത്തില്‍ പ്രതികരിക്കാനായില്ല. കുരങ്ങിണി മലകളില്‍ അനുമതിയില്ലാതെ നിര്‍മിച്ച ലോഡ്ജുകളും ദുരന്തത്തിനു കാരണമായി. കാട്ടുതീ സംഭവങ്ങളില്‍ അതിവേഗം പ്രതികരിക്കുന്നതിനും തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനും പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നാണു റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."