ചോദിക്കാനും പറയാനും ആരുമില്ല; പാലായില്‍ ഓട്ടോപാര്‍ക്കിങ് എങ്ങനെയുമാകാം
പാലാ: നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്റ്റേഡിയം ജങ്ഷനിലെ ഓട്ടോ പാര്‍ക്കിങ് ഗതാഗത തടസം ഉണ്ടാക്കുന്നതായി പരാതി. ഇവിടെ റോഡിന്റെ മധ്യഭാഗത്തേക്ക് കയറ്റിയാണ് ഓട്ടോ പാര്‍ക്കിങ്.
ഇവിടെ പ്രധാന പാത ഡിവൈഡര്‍ സ്ഥാപിച്ച് നാലുവരി പാതയാക്കി നവീകരിച്ചിരിക്കുകയാണ്. നഗരത്തിലെ പ്രധാന ബസ് കാത്തിരിപ്പു കേന്ദ്രവും ഇവിടെയാണ്. ജങ്ഷന്‍ മുതല്‍ ബസ് കാത്തിരിപ്പുകേന്ദ്രം വരെ ഒരുവശം മുഴുവനും ഓട്ടോറിക്ഷകള്‍ കൈയ്യേറിയിരിക്കുകയാണ്.
ഒരേ സമയം ഒരു വലിയ വാഹനത്തിനു മാത്രമെ ഇപ്പോള്‍ ഈ ഭാഗത്തുകൂടി കടന്നുപോകുവാന്‍ കഴിയുന്നുള്ളൂ. വലിയ വാഹനങ്ങള്‍ ഓട്ടോയില്‍ തട്ടാതെ സാവധാനം നീങ്ങേണ്ടി വരുന്നത് ഇവിടെ ഗതാഗത തടസവും സൃഷ്ടിക്കുന്നു. ഇവിടെ ബസുകള്‍ നിര്‍ത്തുന്നത് പലപ്പോഴും ഓട്ടോറിക്ഷാ പാര്‍ക്കിങിന്റെ മുന്‍ഭാഗത്താണ്. ഡോര്‍ തുറന്നാല്‍ ഓട്ടോയില്‍ തട്ടും. ബസിറങ്ങുന്ന യാത്രക്കാര്‍ ബസ്സിനും ഓട്ടോയ്ക്കും ഇടയില്‍ കുടുങ്ങുന്ന സ്ഥിതിയാണ്. ഓട്ടോറിക്ഷകളുടെ പിന്‍ഭാഗത്ത് ഒരു ഓട്ടോറിക്ഷയ്ക്ക് സുഗമമായി കടന്നുപോകുന്നതിനുള്ള സ്ഥലം ഒഴിവാക്കിയിട്ടാണാ റോഡിന്റെ മധ്യഭാഗത്തേക്ക് പാര്‍ക്കിങ് മാറ്റിയിരിക്കുന്നത്.
കാര്യേജ് വേയില്‍ ഒരു കാരണവശാലും പാര്‍ക്കിംഗ് അനുവദിക്കരുതെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും പാലായില്‍ വിധി നടപ്പാക്കിയിട്ടില്ല. ഇതുകാരണം ഈ ഭാഗത്ത് നാലുവരി പാതയുടെ പ്രയോജനം ലഭിക്കുന്നതുമില്ല. ഇവിടെ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്തുള്ള പാര്‍ക്കിങ് മൂലം വന്‍ അപകട സാധ്യതയാണ് ഉള്ളത്. പെട്രോള്‍ പമ്പിനു സമീപം വാഹന പാര്‍ക്കിങ് അനുവദനീയമല്ല. പെട്രോള്‍ നിറയ്ക്കുമ്പോള്‍ വാഹനങ്ങളില്‍ ഉണ്ടാകുന്ന സ്പാര്‍ക്കിങും തൊഴിലാളികളുടെ ഭാഗത്ത് ഉണ്ടാകുന്ന പുകവലിയും എല്ലാം വലിയ അപകടത്തിലേക്ക് വഴി തുറക്കാം. സുഗമമായ ഇരുനിര വാഹനയാത്രക്ക് തടസമായി പെട്രോള്‍ പമ്പിനു മുമ്പില്‍ ഉള്ള ഓട്ടോറിക്ഷാ പാര്‍ക്കിങ് പുനക്രമീകരിക്കണമെന്നും പാതയോര പാര്‍ക്കിങ് സംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."