എം.എല്‍.എ എന്ന വ്യാജേന ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് പണം ആവശ്യപ്പെട്ട സംഭവം; ഒരാള്‍ അറസ്റ്റില്‍
ചാവക്കാട്: ഗുരുവായൂര്‍ എം.എല്‍.എയെന്ന വ്യാജേന ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് പണമാ വശ്യപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
തിരുവനന്തപുരം വട്ടിയൂര്‍കാവ് കാഞ്ഞിരമ്പാറ ഹരിജന്‍ കോളനിയില്‍ വിജയനെയാണ് (72) ചാവക്കാട് എസ്.ഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാള്‍ക്ക് ഒപ്പമുള്ളയാളെ പൊലിസ് തിരയുന്നു.
താന്‍ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എയാണെന്ന് പരിചയപ്പെടുത്തിയ ശേഷം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 25,000 രൂപ വേണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ചാവക്കാട് താലൂക്ക് ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് ഒരാള്‍ ആവശ്യപ്പെട്ടത്. കാശ് വാങ്ങാന്‍ മറ്റൊരാളെ പറഞ്ഞയക്കാമെന്നും ഇയാള്‍ അറിയിച്ചു. സംശയം തോന്നിയ സൂപ്രണ്ട് ഉടനെ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എയെ വിളിച്ച് വിവരമറിയിച്ചതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. ഉടനെ എം.എല്‍.എ ചാവക്കാട് പൊലിസില്‍ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതൊന്നുമറിയാതെ തെരഞ്ഞെടുപ്പ് ഫണ്ട് കൈപ്പറ്റാന്‍ വിജയന്‍ വ്യാഴാഴ്ച്ച നേരിട്ട് ആശുപത്രിയിലെത്തി. ആശുപത്രി അധികൃതര്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പന്തികേട് തോന്നിയ വിജയന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്.
പരിചയക്കാരനായ സുനില്‍ എന്നയാളാണ് തന്നോട് സൂപ്രണ്ടിന്റെ പക്കലില്‍ നിന്നും പണം വാങ്ങി വരാന്‍ ആവശ്യപ്പെട്ടതെന്ന് വിജയന്‍ പൊലിസിനോട് പറഞ്ഞു.
ഇയാള്‍ പറയുന്നതനുസരിച്ച് സൂപ്രണ്ടിനെ ഫോണില്‍ വിളിച്ചത് സുനിലാണെന്നാണ് പൊലിസ് കരുതുന്നത്. സുനില്‍ എന്നയാളെ കുറിച്ച് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജില്ലയുടെ പലയിടത്ത് നിന്നും സുനില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച പ്രാഥമിക വിവരം.
നേരത്തെ താലൂക്ക് ആശുപത്രിയിലേക്ക് ഫോണ്‍ വിളിച്ച് സൂപ്രണ്ടിന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിയാണ് ഇവര്‍ പിന്നീട് സൂപ്രണ്ടിനെ വിളിച്ചത്. സീനിയര്‍ സി.പി.ഒ ബിജു ജോസ്, സി.പി.ഒമാരായ ഷിനു, അഭിലാഷ്, ജോഷി, ആശിശ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."