പിന്നോട്ടടിച്ച് പ്ലാസ്റ്റിക് നിരോധനം
കണ്ണൂര്‍: ജില്ലയില്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനം പാളുന്നു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടിയും പിഴയുമായിരുന്നു തീരുമാനം. ആദ്യ ഘട്ടത്തില്‍ പിഴയീടാക്കുന്നത് അവസാനിപ്പിച്ച് കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ തീരുമാനവും ഉണ്ടായിരുന്നു. എന്നാല്‍ വ്യാപാരികള്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ അധികാരികള്‍ പിന്നോട്ടടിച്ച സ്ഥിതിയാണ്. പകരം സംവിധാനം നിര്‍ദേശിക്കുന്നതിന് അധികാരികള്‍ക്ക് സാധിക്കാത്തതും തിരിച്ചടിയായി. ഹരിതകേരള മിഷന് പ്രവര്‍ത്തനങ്ങളില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. കലക്ടറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കര്‍ശന നിലപാടുമായി എത്തിയതോടെ വ്യാപാരികള്‍ പ്രതിസന്ധിയിലായി. പിന്നീട് വില കൂടിയ പ്ലാസ്റ്റിക് ഇതര ബാഗുകള്‍ വ്യാപാരികള്‍ ഉപയോഗിച്ചെങ്കിലും ശിക്ഷാ നടപടികള്‍ ലഘുവായതോടെ പ്ലാസ്റ്റിക് ബാഗുകളിലേക്ക് തിരിച്ചുപോകുകയായിരുന്നു. ഇപ്പോള്‍ ഔദ്യോഗിക പരിപാടികളിലും സര്‍ക്കാറുമായി ബന്ധമുള്ള പദ്ധതികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നത് മാത്രമാണ് പദ്ധതിയില്‍ എടുത്തുപറയാവുന്ന വിജയം. കടകളിലും ഹോട്ടലുകളിലും ഇപ്പോഴും പ്ലാസ്റ്റിക് സഞ്ചികള്‍ സുലഭമാണ്. പ്ലാസ്റ്റിക് ഗ്ലാസുകളും നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതും പൂര്‍ണ വിജയത്തിലെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."