സുശാന്തിന്റ മരണം: അന്വേഷണത്തിന് മുംബൈ പൊലിസ് സഹകരിക്കുന്നില്ലെന്ന് അഡ്വ.ജനറല്‍
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുംബൈ പൊലിസ് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ബീഹാര്‍ അഡ്വ. ജനറല്‍ ലളിത് കുമാര്‍.
മുംബൈയിലെത്തിയ പറ്റ്ന പൊലിസ് സംഘവുമായി സഹകരിക്കുന്നില്ലെന്നാണ് എ.ജിയുടെ ആരോപണം. അതേസമയം എഫ്.ഐ.ആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബര്‍ത്തിയുടെ ഹരജിയെ സുപ്രീം കോടതിയില്‍ എതിര്‍ക്കുമെന്നും എ.ജി പറഞ്ഞു. ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്ത്ഗിയെ ചുമതലെപ്പെടുത്തിയതായും എ.ജി വ്യക്തമാക്കി.
നടി റിയാ ചക്രബര്‍ത്തിയടക്കം ആറ് പേര്‍ക്കെതിരെയാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബീഹാര്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.തുടര്‍ന്നായിരുന്നു റിയയെ ചോദ്യം ചെയ്യാനായി പറ്റ്ന പൊലിസ് മുംബൈയ്ക്ക് പോയത്. റിയയുടെ വസതിയിലെത്തിയ പറ്റ്ന അന്വേഷണ സംഘത്തിന് അവരെ കാണാനായിരുന്നില്ല.
ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തോട് മുംബൈ പൊലിസ് സഹകരിക്കുന്നില്ലെന്ന് ബീഹാര്‍ എ.ജി ആരോപിച്ചത്. സാധാരണ ഏതെങ്കിലും കേസന്വേഷണത്തിന്റെ ഭാഗമായി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പൊലിസ് സംഘം പോയാല്‍ ആ സംസ്ഥാനത്തെ പൊലിസ് സഹകരിക്കുകയാണ് പതിവ്. എന്നാല്‍ ആ കീഴ്വഴക്കങ്ങള്‍ മുംബൈ പൊലീസ് ലംഘിച്ചുവെന്നാണ് ലളിത് കുമാര്‍ പറഞ്ഞത്.
അതേസമയം എ.ജിയുടെ പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ബീഹാര്‍ പൊലിസ് മുംബൈയില്‍ വന്നിട്ടുണ്ടാകാമെന്നും എന്നാല്‍ നിലവില്‍ ശരിയായ ദിശയിലാണ് മുംബൈ പൊലിസ് കേസന്വേഷണം നടത്തുന്നതെന്നുമാണ് സര്‍ക്കാരില്‍ നിന്നും വന്ന പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."