തൊട്ടാവാടിയും കുറുന്തോട്ടിയും
തൊട്ടാവാടി (തൊട്ടാല്‍വാടി)
ബാഹ്യ വസ്തുക്കളുടെ സ്പര്‍ശനമേറ്റാലുടന്‍ ഇലകള്‍ പാടെ കൂമ്പിപ്പോകുന്ന ഔഷധസസ്യമാണ് തൊട്ടാവാടി. നൈസര്‍ഗികമായി റോഡരികിലും ചതുപ്പുപ്രദേശങ്ങളിലും മറ്റും പടര്‍ന്ന് വളരുന്ന ഔഷധിയാണിത്. ഈ സസ്യത്തെ സംസ്‌കൃതത്തില്‍ ലജ്ജാലു രക്തവാടി, നമസ്‌കാരി, സങ്കോചിനി എന്നിങ്ങനെ വ്യവഹരിക്കുന്നു. ഇംഗ്ലീഷില്‍ ടച്ച്-മീ-നോട്ട് എന്നാണിതിന്റെ നാമം.
മൈമോസേസി സസ്യ കുടുംബത്തിലെ അംഗമായ തൊട്ടാവാടിയുടെ ശാസ്ത്രനാമം മൈമോസ പുഡിക്ക (ാശാീമെ ുൗറശരമ) എന്നാണ്. ആസ്ത്മ, അലര്‍ജി മൂലം ശരീരത്തിന് ഉണ്ടാകുന്ന ചൊറിച്ചില്‍ എന്നിവയ്ക്ക് ഔഷധമായി തൊട്ടാവാടി ഉപയോഗിച്ചുവരുന്നു. തൊട്ടാവാടി ഒരു ആയുര്‍വേദ ഔഷധമായും ഉപയോഗിക്കുന്നു. 'കഷായതിക്ത രസവും ലഘുരൂക്ഷ ഗുണവും ശീതവീര്യവും വിപാകത്തില്‍ കടുവും' എന്നിങ്ങനെയാണ് തൊട്ടാവാടിയുടെ രാസാതിഗുണങ്ങള്‍.
രാസഘടകങ്ങള്‍:
തൊട്ടാവാടിയുടെ വേരില്‍ പത്ത് ശതമാനത്തോളം ടാനിന്‍ എന്ന രാസഘടകവും വിത്തില്‍ ഗാലക്ടോസ്, മന്നോസ് എന്നീ രാസപദാര്‍ഥങ്ങളും അടങ്ങിയിട്ടുണ്ട്.
ഔഷധഗുണം: ശ്വാസ തടസത്തിനും ചര്‍മരോഗങ്ങള്‍ക്കും ഔഷധമായി തൊട്ടാവാടി ഉപയോഗിക്കുന്നു. രക്തശുദ്ധി ഉണ്ടാക്കുന്നതിനും തൊട്ടാവാടി വളരെ വിശേഷമാണ്. പ്രമേഹ ശമനത്തിനും കുട്ടികളില്‍ കണ്ടുവരുന്ന ആസ്ത്മയ്ക്കും തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു.
ഔഷധ പ്രയോഗങ്ങള്‍: കുട്ടികളില്‍ കണ്ടുവരുന്ന ആസ്ത്മയ്ക്ക് തൊട്ടാവാടിയുടെ ഇല പിഴിഞ്ഞെടുത്ത് നീരില്‍ കരിക്കിന്‍ വെള്ളം ചേര്‍ത്ത് കൊടുത്താല്‍ ശമനമുണ്ടാകും. വിധി പ്രകാരം ഇത് സ്ഥിരമായി സേവിച്ചാല്‍ ആസ്ത്മ പൂര്‍ണമായും ഭേദമാകും. തൊട്ടാവാടി അരച്ച് ലേപനമാക്കി പുറകില്‍ പുരട്ടുന്നത് രക്താര്‍ശസ്സിന് ശമനമുണ്ടാക്കും. തൊട്ടാവാടി കല്‍ക്കമാക്കി എണ്ണ കാച്ചി പുരട്ടുന്നത് ചൊറി, ത്വക്‌രോഗങ്ങള്‍ എന്നിവയുടെ ശമനത്തിന് വലരെ ഫലപ്രദമാണ്. തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പ്രമേഹത്തിന് ഉത്തമമാണ്.
കുറുന്തോട്ടി
വാത രോഗശമനത്തിന് വളരെ പ്രധാനമായി ഉപയോഗിക്കുന്ന കുറുന്തോട്ടിയെ ആയുര്‍വേദത്തില്‍ വാതഹരൗഷധങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പല തരത്തിലുള്ള കുറുന്തോട്ടികളുണ്ട്. എങ്കിലും കുറുന്തോട്ടി, വെള്ളൂരം, മഞ്ഞകുറുന്തോട്ടി, വള്ളിക്കുറുന്തോട്ടി, കാട്ടു വെന്തിയം എന്നിവയാണ് പ്രധാനപ്പെട്ട അഞ്ചിനം കുറുന്തോട്ടികള്‍.
സംസ്‌കൃതത്തില്‍ ബാല,വാട്യാല: ഖരകഷ്ടികാ, മഹാ സമംഗാ എന്നീ പേരുകളില്‍ കുറുന്തോട്ടി അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ കുറുന്തോട്ടിയെ സൈഡ എന്നാണ് വിളിക്കുന്നത്.
മാല്‍വേസി എന്ന സസ്യ കുടുംബാംഗമാണ് കുറുന്തോട്ടി. കുറുന്തോട്ടിയുടെ ശാസ്ത്രീയനാമം സൈഡ റെറ്റിയൂസ എന്നാണ്. കേരളത്തിലുടനീളം ഈ സസ്യം കണ്ടുവരുന്നു. ഏകദേശം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി കുറ്റിച്ചെടിയാണ് കുറുന്തോട്ടി. കുറുന്തോട്ടിയുടെ ഇലകള്‍ ഞെരടിയാല്‍ വഴുവഴുപ്പുള്ളതായി കാണാം. മഞ്ഞ നിറത്തിലുള്ള കുറുന്തോട്ടിയുടെ ചെറിയ പൂക്കള്‍ ചെടിയില്‍ ഒറ്റയായി കാണപ്പെടുന്നു. കുറുന്തോട്ടി സമൂലം ഔഷധയോഗ്യമായി ആയുര്‍വേദം ഉപയോഗിക്കുന്നു.
മധുര രസവും, സരം, സ്‌നിഗ്ധം എന്നിങ്ങനെ ഗുണവും ശീതവീര്യവും മധുര വിഭാഗത്തിലുമാണ് കുറുന്തോട്ടിയുടെ രാസാദി ഗുണങ്ങള്‍.
രാസഘടകങ്ങള്‍: എല്ലാ ഇനം കുറുന്തോട്ടികളിലും പ്രധാനമായും ആല്‍ക്കലോയിഡ് അടങ്ങിയിട്ടുണ്ട്. റെസിന്‍, സ്റ്റിറോയിഡുകള്‍, ഫെറോസ്റ്റിറോള്‍, പൊട്ടാസ്യം നൈട്രേറ്റ് എന്നീ ഘടകങ്ങളും ഇതില്‍ കണ്ടുവരുന്നു.
ഔഷധഗുണം:- ധാതുപുഷ്ടിയും ലൈംഗികശേഷിയും വര്‍ധിപ്പിക്കാനുള്ള ശക്തി കുറുന്തോട്ടിക്കുണ്ട്. കുറുന്തോട്ടിയുടെ വാതഹര സ്വഭാവം വളരെ പ്രസിദ്ധമാണ്. ഏതുതരം വാതരോഗങ്ങളുടേയും ശമനത്തിന് കണ്‍കണ്ട ഔഷധമാണ് കുറുന്തോട്ടി. ഇതിന്റെ ഉപയോഗം ഉറക്കത്തിന് വളരെ വിശേഷമാണ്.
ഔഷധ പ്രയോഗങ്ങള്‍: വാതരോഗങ്ങള്‍, വാതപ്പനി എന്നിവ ശമിപ്പിക്കുന്നതിന് കുറുന്തോട്ടി നല്ല ഫലം തരും. കുറുന്തോട്ടിയുടെ വേര് യഥാവിധി കഷായം വച്ച് 30 മില്ലി വീതം മൂന്ന് നേരം ദിവസവും സേവിക്കുന്നത് വാതരോഗങ്ങള്‍, വാതപ്പനി എന്നിവ ശമിപ്പിക്കും. പനിയുടെ ശമനത്തിന് കുറുന്തോട്ടി വളരെ നല്ലതാണ്. പനിക്ക് കുറുന്തോട്ടിയും ഇഞ്ചിയും ചേര്‍ത്ത് കഷായം കുടിക്കുന്നത് നല്ലതാണ്. വാതത്തിന് ബാഹ്യലേപനമായി ഉപയോഗിക്കുവാന്‍ നല്ലതാണ്. കുറുന്തോട്ടി കഷായം കല്‍ക്കമായി എടുത്ത് നല്ലെണ്ണയില്‍ വിധിപ്രകാരം കാച്ചി അരിച്ച് ഉപയോഗിക്കുന്നത് വാതത്തിന് മികച്ചരീതിയില്‍ ശമനം നല്‍കും. ആമവാതം, വാതരക്തം, വാതം എന്നിവ ശമിപ്പിക്കുന്നതിന് കുറുന്തോട്ടിയും, വെളുത്തുള്ളിയും, ഇന്ദ്രയവവും കരിനെച്ചിയും സമയമെടുത്ത് കഷായം വച്ച് വിധിപ്രകാരം സേവിച്ചാല്‍ മതിയാകും.
പ്രസവരക്ഷയ്ക്ക് കുറുന്തോട്ടിക്കഷായവും പശുവിന്‍ പാലും ചേര്‍ത്തുള്ള പ്രത്യേകവിധിയുണ്ട്. ഇത് വിധിപ്രകാരം ഗര്‍ഭിണികള്‍ സേവിക്കുന്നത് സുഖപ്രസവത്തിനു സഹായിക്കുകയും ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ശാരീരിക ക്ഷീണത്തെ ഇല്ലാതാക്കും. കുറുന്തോട്ടി വ്രണരോപണമാണ്. പച്ചക്കുറുന്തോട്ടി ലേപനമാക്കി അരച്ചുപുരട്ടിയാല്‍ ചെറിയകുരുക്കള്‍ എളുപ്പം പൊട്ടി ഉണങ്ങും. ക്ഷീരബല, ധന്വന്തരം, ബലാരിഷ്ടം, ബലാതൈലം എന്നീ ആയുര്‍വേദ ഔഷധങ്ങളിലെ പ്രധാനഘടകമായും കുറുന്തോട്ടി ഉപയോഗിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."