കൊവിഡ് കാലത്ത് മൂലയൂട്ടല്‍ തുടരണമോ ? ഡോ.പിനാകി ചക്രവര്‍ത്തി സംസാരിക്കുന്നു
ലോകമുലയൂട്ടല്‍ വാര(ആഗസ്റ്റ് 1-7)ത്തിന്റെ പശ്ചാത്തലത്തില്‍ മുലയൂട്ടലിന്റെ പ്രധാന്യത്തെയും കോവിഡ് കാലത്ത് ഇതു സംബന്ധിച്ച് ഉണ്ടായേക്കാവുന്ന സംശയങ്ങളെയും കുറിച്ച് യുനിസെഫ് കേരള - തമിഴ്‌നാട് ഓഫിസ് സോഷ്യല്‍ പോളിസി ചീഫ് ഡോ. പിനാകി ചക്രവര്‍ത്തി സംസാരിക്കുന്നു.
കോവിഡ് കാലത്ത് മുലയൂട്ടല്‍ തുടരണോ?
തീര്‍ച്ചയായും തുടരണം. കോവിഡ് 19 മഹാമാരിയുടെ കാലത്ത് മുലയൂട്ടല്‍ മുടങ്ങാതിരിക്കുന്നത് കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്നു. ഇതിനായി പ്രത്യേക ശ്രദ്ധ ചെലുത്തുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതരില്‍ നിന്ന് തേടുകയും വേണം. രോഗബാധ തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പാലിച്ചാവണം മുലയൂട്ടല്‍. മുലയൂട്ടുമ്പോള്‍ മാസ്‌ക്ക് ധരിക്കുക. മുലയൂട്ടുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം.
എന്താണ് മുലയൂട്ടലിന്റെ പ്രാധാന്യം?
മുലയൂട്ടല്‍ ഓരോ കുട്ടിക്കും ജീവിതത്തിന് സാധ്യമായ ഏറ്റവും മികച്ച തുടക്കം നല്‍കുന്നു. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ, പോഷണ, വൈകാരിക മേഖലകളില്‍ മുലയൂട്ടല്‍ നിര്‍ണായകമാണ്. കുഞ്ഞ് ജനിച്ച് ആദ്യ മണിക്കൂറില്‍ തന്നെ മുലപ്പാല്‍ നല്‍കണം. ആദ്യ ആറുമാസം കുട്ടിക്ക് മുലപ്പാല്‍ അല്ലാതെ മറ്റൊരു തരത്തിലുള്ള ഭക്ഷണവും കൊടുക്കേണ്ടതില്ല. ആറു മാസത്തിനുശേഷം മുലപ്പാലിനൊപ്പം മറ്റ് ഭക്ഷണ സാധനങ്ങളും നല്‍കാം.
തികച്ചും സ്വഭാവികമാണെങ്കിലും ചില അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് പ്രയാസം നേരിടുന്നു. ഇക്കാര്യത്തില്‍ അമ്മമാര്‍ക്ക് ആര്‍ക്ക് പിന്തുണ നല്‍കാനാവും?
മുലയൂട്ടല്‍ ആരംഭിക്കുന്നതിനും തുടരുന്നതിനും അമ്മമാര്‍ക്ക് പിന്തുണ ആവശ്യമുണ്ട്. ഇതുസംബന്ധിച്ച പരിശീലനം ലഭിച്ച എഎന്‍എം, ജെപിഎച്ച്എന്‍ മുതലായ ആരോഗ്യ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ അമ്മമാരെയും മറ്റ് കുടുംബാംഗങ്ങളെയും സഹായിക്കാനാവും. കുട്ടിക്ക് മുലയുട്ടലിലൂടെ ലഭിക്കുന്ന ഏറ്റവും മികച്ച പോഷണത്തെക്കുറിച്ച് അവര്‍ക്ക് വ്യക്തമായി പറഞ്ഞു മനസ്സിലാക്കാനാകും. മുലയൂട്ടല്‍ സംബന്ധിച്ച് ഇവര്‍ നല്‍കുന്ന വിവരങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും മുലയൂട്ടല്‍ സംബന്ധിച്ച പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും സംശയങ്ങളും പരിഹരിക്കാനുതകുന്നതാണ്.
ആദ്യ ആറുമാസം കുട്ടിക്ക് മുലപ്പാല്‍ മാത്രം നല്‍കുന്നതുകൊണ്ട് ഉണ്ടാകാവുന്ന സാമൂഹിക- സാമ്പത്തിക നേട്ടങ്ങള്‍ എന്തൊക്കെയാണ്?
ഒട്ടേറെ ജീവനുകള്‍ രക്ഷിക്കുകയും സമ്പദ്ഘടന ശക്തിപ്പെടുത്തുകയും ചെയ്യുന്ന മാന്ത്രിക മരുന്നാണ് മുലയൂട്ടല്‍. ലാന്‍സെറ്റ് പഠനങ്ങള്‍ അനുസരിച്ച് കുട്ടിയുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കുന്നതും ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുന്നതും കുഞ്ഞുങ്ങളുടെ മരണം തടയുന്നതിനൊപ്പം അമ്മമാരുടെ ആരോഗ്യത്തിലും സുപ്രധാനമാണ്. മുലയൂട്ടല്‍ സംബന്ധിച്ച ഈ കാര്യങ്ങള്‍ പാലിക്കുന്നത് സ്ത്രീകളില്‍ സ്തന- അണ്ഡാശയ അര്‍ബുദവും ഇവമൂലമുള്ള മരണങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള കൂട്ടാനും മുലയൂട്ടല്‍ സഹായകമാണ്.
ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുന്നത് വര്‍ധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം ആഗോള വ്യാപകമമായി 8,20,000 കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനാവുമെന്ന് ഇതു സംബന്ധിച്ച സാമ്പത്തിക വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. ഇത് 302 ബില്ല്യണ്‍ ഡോളറിന്റെ അധിക വരുമാനത്തിന് കാരണമാകുന്നു. കുട്ടികള്‍ക്കുള്ള മരുന്നുകള്‍, ഫോര്‍മുല മില്‍ക്ക് ബേസ്ഡ് പൗഡറുകള്‍ എന്നിവ വാങ്ങുന്നതിനുമുള്ള ചിലവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
കോവിഡ് -19 ബാധിച്ചവരോ സംശയിക്കുന്നവരോ ലക്ഷണങ്ങളുള്ളവരോ ആയ അമ്മമാര്‍ക്ക് മുലയൂട്ടാമോ?
അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ആന്റിബൊഡികള്‍ നേരിട്ട് എത്തുന്നതിലൂടെ മുലയൂട്ടല്‍ കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇപ്രകാരം, മുലയൂട്ടല്‍ നവജാതശിശുക്കളെ രോഗങ്ങള്‍ ബാധിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു. അതിനാല്‍ത്തന്നെ, കോവിഡ് -19 ബാധിച്ചവരോ സംശയിക്കുന്നവരോ ആയ അമ്മമാര്‍ ശ്വസന - വ്യക്തി ശുചിത്വം ഉറപ്പുവരുത്തി മുലയൂട്ടല്‍ തുടരണം. മുലയൂട്ടുമ്പോഴും കുട്ടിയുടെ അടുത്തായിരിക്കുമ്പോഴും മാസ്‌ക്ക് ധരിക്കണം. കുട്ടിയെ സപര്‍ശിച്ചതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശരിയായവിധം വൃത്തിയാക്കണം. സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ തുടര്‍ച്ചയായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. രോഗം ബാധിച്ചതോ ലക്ഷണങ്ങളുള്ളതോ ആയ കുഞ്ഞുങ്ങള്‍ക്കും പ്രതിരോധ മാര്‍ഗങ്ങളും മുന്‍കരുതലുകളും സ്വീകരിച്ച് ഡോക്ടറുടെ നിര്‍ദേശാനുസരണം മുലപ്പാല്‍ നല്‍കണം. ഡോക്ടറുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ തേടുകയും പാലിക്കുകയും വേണം.
മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാനുള്ള സാഹചര്യം രൂപപ്പെടുത്താന്‍ എന്തൊക്കെ നയപരിപാടികള്‍ ആവശ്യമാണ്?
മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാനും തുടരുന്നതിനും അഞ്ചു കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്.
1. മുലയൂട്ടലിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കൗണ്‍സിലിങ്ങും എല്ലാ സ്ത്രീകള്‍ക്കും ലഭ്യമാക്കുന്നതിനാവശ്യമായ നിക്ഷേപം.
2. നഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും മുലയുട്ടല്‍ സംബന്ധിച്ച സമഗ്രമായ നിര്‍ദേശങ്ങളും കൗണ്‍സിലിങ്ങും നല്‍കാന്‍ പരിശീലിപ്പിക്കുക.
3. പതിവ് ആരോഗ്യ പോഷണ സേവനങ്ങള്‍ക്കൊപ്പം ഇത്തരം നിര്‍ദേശങ്ങളും പിന്തുണയും കൗണ്‍സിലിങ്ങും അനായാസം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക.
4. സന്നദ്ധസംഘടനകള്‍, ഐഎംഎ, ഐഎപി എന്നിവ പോലുള്ള ആരോഗ്യ രംഗത്തെ സംഘടനകള്‍ മുതലായവയുമായി ചേര്‍ന്ന് ഇത്തരം കൗണ്‍സിലിങ്ങിനുള്ള പങ്കാളിത്തം രൂപപ്പെടുത്തുക.
5. ബേബി ഫുഡ് മേഖലയുടെ സ്വാധീനത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."