മണ്‍പാത്ര ചൂളയില്‍ വേവുന്നത് ആശങ്ക മാത്രം
കക്കട്ടില്‍: കനത്ത മഴ തുടരുമ്പോള്‍ മണ്‍പാത്ര തൊഴിലാളികളുടെ മനസില്‍ വേവുന്നത് ആശങ്ക മാത്രം. ഓണവിപണി ലക്ഷ്യമിട്ട് ആരംഭിച്ച മണ്‍പാത്ര നിര്‍മാണം മഴയും അന്തരീക്ഷത്തിലെ ഈര്‍പ്പവും കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്. ചൂളയില്‍ വേവിച്ചെടുക്കുന്ന മണ്‍പാത്രങ്ങള്‍ വെയിലില്‍ ഉണക്കി ഓണത്തിനു വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍ വെയില്‍ മാറിനില്‍ക്കുകയും മഴ തുടരുകയും ചെയ്താല്‍ ഓണനാളിലും ഇവര്‍ വറുതിയിലാകും.
മറ്റു ജില്ലകളില്‍നിന്നു മണ്ണ് കൊണ്ടുവരുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണവും വിലക്കയറ്റവും കൂടിയായപ്പോള്‍ അതീജീവിക്കാനാവാതെ ഇരുട്ടിലായിരിക്കുകയാണ് ഈ മേഖല. ജില്ലയിലെ കക്കട്ടില്‍, മൊകേരി, ഒളവണ്ണ ചാത്തമംഗലം, രാമനാട്ടുകര, ഓര്‍ക്കാട്ടേരി, ഉള്ള്യേരി, മൂരികുത്തി, കക്കട്ട്, കല്ലൂര്‍, കൂത്താളി, വടക്കന്‍ കല്ലോട് എന്നിവിടങ്ങളിലാണു പ്രധാനമായും മണ്‍പാത്ര തൊഴിലാളികളുള്ളത്. ഈ മേഖഖയെ ആശ്രയിച്ചു കഴിയുന്ന ഇരുന്നൂറോളം കുടുംബങ്ങളാണ് ഇപ്പോള്‍ ദുരിതം പേറുന്നത്. മതിയായ വരുമാനം ലഭിക്കാത്തതിനാല്‍ പുതിയ അംഗങ്ങള്‍ ഈ മേഖലയിലേക്കു വരുന്നില്ല.
80 രൂപയ്ക്കു 20 കിലോ മണ്ണാണു ലഭിക്കുക. ഇതും കുറേ കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് കൊണ്ടുവരേണ്ട സ്ഥിതിയാണ്. പാരിസ്ഥിതിക അനുമതിയും നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പേരില്‍ പരിസരവാസികള്‍ എതിര്‍പ്പുമായി വരുന്നതും കാരണം കളിമണ്ണ് ഖനനം നടക്കാത്തതാണു കളിമണ്‍ പാത്ര നിര്‍മാണ മേഖലയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട്, വയനാട് ജില്ലകളിലെ സ്ഥലങ്ങളില്‍നിന്ന് മണ്ണെടുക്കാന്‍ സൗകര്യമൊരുക്കിയാല്‍ മണ്ണിന്റെ ക്ഷാമം പരിഹരിക്കാനാകുമെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."