മണ്ണാര്‍ക്കാട് കനത്ത നഷ്ടം; ഒരു മരണം
മണ്ണാര്‍ക്കാട്: വേനല്‍ മഴയിലും കാറ്റിലും മണ്ണാര്‍ക്കാട് മേഖലയില്‍ വ്യാപകമായ നാശനഷ്ടം. വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഒരാള്‍ മരണപ്പെട്ടു. ശക്തമായ കാറ്റില്‍ മരം വൊദ്യുതി കമ്പിയില്‍ പൊട്ടിവീണ് കുമരംപുത്തൂര്‍ പള്ളിക്കുന്നിലെ പുന്നപ്പാടത്ത് ചാത്തനാ (60)ണ് മരിച്ചത്.
മരങ്ങള്‍ കടപുഴകി വീണും, വൈദ്യുതി കമ്പികള്‍ പൊട്ടിവീണും വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടര മണിയോടെ വീശിയടിച്ച ശക്തമായ ചുഴലികാറ്റിലാണ് അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, തെങ്കര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങളുണ്ടായത്.
കോട്ടോപ്പാടം അമ്പാഴക്കോട് മേഖലയില്‍ മൂന്ന് വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണ് വീട് തകര്‍ന്നു. മണ്ണുമ്മല്‍ വീട്ടില്‍ റുഖിയ, പെരുണ്ട വീട്ടില്‍ കദീജ, ആലായന്‍ മൂസ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
റോഡുകളിലേക്ക് മരങ്ങള്‍ പൊട്ടിവീണ് ഗതാഗത തടസവുമുണ്ടായി. വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് പലഭാഗങ്ങളിലും വൈദ്യുതി ബന്ധവും നിലച്ചു. കൂടാതെ വ്യാപകമായി കൃഷി നാശങ്ങളുമുണ്ടായിട്ടുണ്ട്.
റബര്‍, വാഴ, തെങ്ങ്, കവുങ്ങ് എന്നീ കൃഷികളാണ് വ്യാപകനാശം സംഭവിച്ചത്.
വീടുതകര്‍ന്നവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തിരമായി ധനസഹായം നല്‍കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ് അധികൃതരോട് ആവശ്യപ്പെട്ടു.
പഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, പാറശ്ശേരി ഹസ്സന്‍, റഷീദ് മുത്തനില്‍, ബാവ കൊറ്റങ്ങോടന്‍, പി.എം മുസ്തഫ, കുഞ്ഞിക്കോയ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."