ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; സ്‌ഫോടനത്തിനു പിന്നിലുള്ളവരെ കുറിച്ച് സൂചന
കൊളംബോ: സ്‌ഫോനങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് പ്രസിഡന്റ് മൈത്രീപാല സിരിസേന അറിയിച്ചു.
അതേസമയം, സ്‌ഫോടനത്തിനുപിന്നില്‍ നാഷണല്‍ തൗഫീത്ത് ജമാഅത് എന്ന സംഘടന ആണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നാട്ടുകാരായിരുന്നു ചാവേറുകളായി പ്രവര്‍ത്തിച്ചതെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ഇന്ത്യയുടെ മുന്നറിയിപ്പ് ശ്രീലങ്ക അവഗണിച്ചു
290 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയെക്കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയ്ക്ക് മുന്നറിയിപ്പു നല്‍കിയെങ്കിലും അവഗണിച്ചതായി റിപ്പോര്‍ട്ട്. സാധ്യമായ ഒരാക്രമണവിവരം സര്‍ക്കാരിന് അറിയാമായിരുന്നുവെന്നും എന്നാല്‍ നടപടിസ്വീകരിക്കാനായില്ലെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് ഇതുവരെ ലഭിച്ച വിവരം. കര്‍ണാടകയെ രണ്ട് ജെ.ഡി.എസ് നേതാക്കളും കൊല്ലപ്പെട്ട വാര്‍ത്ത വന്നിരുന്നു. കെ.ജി ഹനുമന്തരായപ്പ, എം. രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. തെരഞ്ഞടുപ്പ് പ്രചാരണം കഴിഞ്ഞ് അവധി ആഘോഷിക്കാനായി പോയതായിരുന്നു ഇവര്‍. അഞ്ചു പേരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
ശിവണ്ണ, പുട്ടരാജു, മാരെഗൗഡ, രമേഷ് എന്നിവരെ കുറിച്ചാണ് വിവരം ലഭിക്കാത്തത്. ഇവരെകുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
ചിക്കബെല്ലാപുര മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് എം.വീരപ്പമൊയ്‌ലിക്കായി പ്രചാരണം നടത്തിയവരാണിവര്‍. സ്‌ഫോടനം നടന്നതിന് ശേഷം ഇവര്‍ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല.
തുംക്കൂരിലും ചിക്ക്ബലാപൂരിലുമുള്ള ഏഴ് ജെ.ഡി.എസ് പ്രവര്‍ത്തകര്‍ കൊളംബോയിലെ ഷാന്‍ഗ്രില ഹോട്ടലില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തനിക്ക് വ്യക്തിപരമായി അറിയുന്നവരാണ് കൊല്ലപ്പെട്ട പ്രവര്‍ത്തകരെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. പ്രവര്‍ത്തകരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിയായ റസീനയും ഷാന്‍ഗ്രില ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ക്ക് ശ്രീലങ്കന്‍ പൗരത്വമുണ്ട്. ഭര്‍ത്താവ് ഖാദര്‍ കുക്കോടിയെ ജോലിസ്ഥലമായ ദുബായിലേക്ക് യാത്രയയച്ച് താമസിച്ചിരുന്ന ഷാന്‍ഗ്രിലാ ഹോട്ടലില്‍ മടങ്ങിയെത്തിയതായിരുന്നു റസീന. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."