ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ഇ.പി ജയരാജന്റെ പുസ്തക വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പുസ്തക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല, ജയരാജന്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളാണെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.
പുസ്തകം എഴുതിയിട്ടില്ലെന്ന് ജയരാജന്‍ തന്നെ വ്യക്തമാക്കി. ഇ.പി നല്‍കിയ പരാതി പൊലീസ് അന്വേഷിക്കുകയാണ്. ഇ.പി പറഞ്ഞത് പാര്‍ട്ടി വിശ്വാസത്തിലെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇപിയെ പാർട്ടി വിശ്വസിക്കുന്നു. ഇപി നിയമപരമായി മുന്നോട്ട് പോകട്ടെ. പുസ്തകം പ്രസിദ്ധീകരിക്കാൻ ആരേയും ഏൽപിച്ചിട്ടില്ല. ഡിസി ബുക്സുമായി ഇ പി കരാർ ഉണ്ടാക്കിയിട്ടില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയും കോൺഗ്രസും തമ്മിൽ പാലക്കാടും- വടകരയും – തൃശൂരും ചേർന്നുള്ള ഡീലുണ്ട്. ഡീലിനെതിരെ കോൺഗ്രസിൽ വലിയ വലിയ പൊട്ടിത്തെറിയുണ്ടായി. 9 കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്ന് പുറത്തായി. പാലക്കാട് എൽഡിഎഫ് പിടിച്ചെടുക്കും വിധത്തിലാണ് സ്ഥിതി. ഇ ശ്രീധരന് കിട്ടിയ വോട്ട് ബിജെപി സ്ഥാനാർത്ഥിക്കോ ഷാഫിക്ക് കിട്ടിയ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്കോ കിട്ടില്ല. ബിജെപി പാലക്കാട്ട് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം വയനാട് ദുരന്തസഹായത്തില്‍ കേന്ദ്രത്തിന്റെത് വിപരീത നിലപാടെന്ന് എം.വി ഗോവിന്ദന്‍. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇത്രയൊന്നും ദുരന്തമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."